മലപ്പുറം: കൂട്ടിലങ്ങാടിയിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ കണ്ടെത്തി.വാഹനം ഓടിച്ച മഞ്ചേരി സ്വദേശി റാഫിയേയും ക്രൈംബ്രാഞ്ച് പിടികൂടി. കടുപുറം സ്വദേശി സുനീര്‍ എന്ന യുവാവിനെയാണ് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ കാര്‍ ഇടിച്ചു വീഴ്ത്തിയത്.
ഒക്ടോബർ 18 രാത്രി ഒരു മണിയോടെയാണ് അപകടമുണ്ടായത്. തെറ്റായ ദിശയിൽ വന്ന കാർ സുനീറിന്റെ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.സ്കൂട്ടറിൽ നിന്ന് തെറിച്ച് സുനീർ കാറിന്റെ ബോണറ്റിൽ വന്ന് വീണു.ഗുരുതരമായി പരിക്കേറ്റ സുനീറിനെ അവിടെ ഉപേക്ഷിച്ച് കാർ നിർത്താതെ പോയി. ലക്ഷണക്കണക്കിന് രൂപ ആശുപത്രി ചികിത്സ ചെലവും ഉപജീവനവും വഴിമുട്ടിയ സുനീറിന്‍റെ ദയനീയ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.കെട്ടിട നിര്‍മ്മാണ തൊഴിലാണ് സുനീര്‍.
ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചാണ് കാര്‍ കണ്ടെത്തിയത്.അപകടസ്ഥലത്ത് നിന്ന് വെളുത്ത മാരുതി സിഫ്റ്റ് ഡിസയര്‍ കാറിന്‍റെ ചില ഭാഗങ്ങള്‍ കിട്ടിയിരുന്നു.വ്യക്തമല്ലെങ്കിലും സിസിടിവി ദൃശ്യവും കാര്‍ സിഫ്റ്റ് ഡിസയര്‍ തന്നെയെന്ന് ഉറപ്പിച്ചു.മൊബൈല്‍ ഫോൺ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാര്‍ ഓടിച്ച മഞ്ചേരി സ്വദേശി റാഫിയെ പിടികൂടിയത്.പിന്നാലെ കെ എല്‍ പത്ത് എ ക്യു 6100 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.