കൽപ്പറ്റ: അമ്പലവയൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിൽ നിന്ന് എംഡി എംഎയും കഞ്ചാവും പിടിച്ചെടുത്ത് പൊലീസ്. വിൽപ്പനയ്ക്കായി സൂക്ഷിച്ച 0.26 ഗ്രാം എം.ഡി.എം.എയും 0.64 ഗ്രാം കഞ്ചാവുമാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ നെന്മേനി വലിയമൂലയിലെ വാടക വീട്ടിൽ നിന്ന് കണ്ടെടുത്തത്. ചെറിയ കവറുകളിലാക്കി വിൽപ്പനക്ക് തയ്യാറാക്കി വെച്ച നിലയിലായിരുന്നു ലഹരി വസ്തുക്കൾ. വാടക വീട്ടിൽ താമസിച്ചിരുന്ന നെന്മേനി മാടക്കര രാഹുൽ(25) പൊലീസ് എത്തിയപ്പോഴേക്കും ഓടി രക്ഷപ്പെട്ടു.
കൊളഗപ്പാറ, പുളിക്കൽ വീട്ടിൽ സൈനബ(48), ലഹരി വസ്തുക്കൾ വാങ്ങാനായി എത്തി വീട്ടിൽ ഉണ്ടായിരുന്ന അച്ചൂരാനം പാലത്തുള്ളി വീട്ടിൽ പി. നൗഫൽ(26), മാടക്കര കുയിലപറമ്പിൽ വീട്ടിൽ മുഹമ്മദ് അനസ്(26) എന്നിവരെ കസ്റ്റഡിയിലെടുത്ത് ഇവർക്ക് നോട്ടീസ് നൽകി. സംഭവത്തിൽ പ്രതിയായ രാഹുലിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.