കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് ക്രൈംബ്രാഞ്ചിന് വിട്ടു. ആത്മഹത്യയുമായി ബന്ധപ്പെട്ടുയർന്ന അഴിമതി ആരോപണങ്ങളിൽ എടുത്ത 3 കേസുകള്‍ ഉൾപ്പെടെ നാലു കേസുകളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. നാളെ തന്നെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും.
ആത്മഹത്യ കേസിൽ പ്രതികളായ ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ എന്നിവരുടെ ജാമ്യഹർജിയിൽ നാളെയും വാദം തുടരും. കൽപറ്റ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിഭാഗത്തിന്റെ വാദമാണ് ഇന്നു നടന്നത്. ആത്മഹത്യയിൽ ഐ.സി.ബാലകൃഷ്ണന് ബന്ധമില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് എന്‍എം വിജയനും മകന്‍ ജിജേഷും ആത്മഹത്യ ചെയ്തത്. ബത്തേരിയിലെ സഹകരണ ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പാര്‍ട്ടിക്കായി പണം വാങ്ങിയെന്നും, എന്നാല്‍ നിയമനം നടക്കാതെ വന്നപ്പോള്‍, ബാധ്യത മുഴുവന്‍ തന്റെ തലയിലായി എന്നുമാണ് എന്‍ എം വിജയന്‍ ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്.