താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ കെഎസ്ആർടിസിയും, ലോറിയും, കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായ സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. അപകട വളവിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിനാണ് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. അപകടത്തിൽ കാർ ഓടിച്ചിരുന്ന എലത്തൂർ സ്വദേശിയായ മുഹമ്മദ് മദൂത് മരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ 12 പേർ കോഴിക്കോട് മെഡിക്കൽ കോളേജിലും താമരശ്ശേരിയിലെ താലൂക്ക് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്.
അപകടസ്ഥലത്ത് മോട്ടോർ വാഹന വകുപ്പും പൊലീസും പരിശോധന നടത്തിയിരുന്നു. താമരശ്ശേരി ഓടക്കുന്നില്‍ വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് മദൂത് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മദൂതും സംഘവും സഞ്ചരിച്ച കാര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെഎസ്ആര്‍ടിസി ബസ്സിനും ലോറിക്കും ഇടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. അപകടത്തില്‍ ബസ് യാത്രക്കാരായിരുന്ന ഒന്‍പത് പേര്‍ക്കും കാറില്‍ മദൂതിനൊപ്പം ഉണ്ടായിരുന്ന അബൂബക്കര്‍ സിദ്ദീഖ്, ഷഫീര്‍ എന്നിവര്‍ക്കും പരിക്കേറ്റു. നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിയില്‍ നിന്നും ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചു വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടിരുന്നു.