പുതുപ്പാടി:മാതൃസഹോദരിയുടെ വേനക്കാവിലെ വീട്ടിൽ കുറച്ചുകാലമായി താമസിച്ചുവരുകയായിരുന്ന അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ വീട്ടിൽ മുഹമ്മദ് ആഷിഖ് (25) ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് തൊട്ടടുത്തവീട്ടിൽ കൊടുവാൾ ചോദിച്ചെത്തുന്നത്. എന്തിനാണ് കൊടുവാളെന്ന് അയൽവാസിയായ വയോധികൻ ചോദിച്ചപ്പോൾ ‘തേങ്ങ പൊതിക്കാൻ’ എന്നായിരുന്നു ആഷിഖിന്റെ മറുപടി. അതുവിശ്വസിച്ച് വീട്ടുടമ കൊടുവാൾ നൽകി. കൊടുവാളുമായി യുവാവ് ബന്ധുവീട്ടിലേക്ക് പോയി. കുറച്ചുസമയം കഴിഞ്ഞപ്പോൾ അടുത്തവീട്ടിൽനിന്നുകേട്ടത് ഒരുസ്ത്രീയുടെ ആർത്തനാദമാണ്. പരിഭ്രാന്തനായി കാര്യം തിരക്കി അദ്ദേഹം മകനൊപ്പംചെന്ന് അയൽവീടിന്റെ അടച്ചിട്ട വാതിലിൽ മുട്ടിയപ്പോൾ ജനൽ തുറന്ന ആഷിഖിന്റെ ദേഹത്താകെ രക്തംപുരണ്ടിരുന്നു. പെട്ടെന്നുതന്നെ യുവാവ് ജനൽ അകത്തുനിന്ന് അടച്ചു. തുടർന്ന് ഇവർ സമീപവാസികളെയും വീട്ടുടമയായ സക്കീനയെയും വിവരമറിയിക്കുകയായിരുന്നു. സക്കീനയെത്തി ബഹളംവെക്കുകയും ആഷിഖ് വാതിൽ തുറക്കുകയും ചെയ്തപ്പോഴാണ് മാതാവ് സുബൈദയെ വെട്ടിക്കൊലപ്പെടുത്താനാണ് ഏകമകൻ കൊടുവാൾ ചോദിച്ച് വാങ്ങിയതെന്ന കാര്യം നാടറിയുന്നത്. വീടിനകത്തേക്ക് എത്തിനോക്കിയവർ കണ്ടത് ഡൈനിങ്ഹാളിൽ രക്തത്തിൽ കുളിച്ച് കഴുത്ത് വെട്ടേറ്റ് തൂങ്ങിയനിലയിലുള്ള സുബൈദയെ ആയിരുന്നു.അരുംകൊലക്ക് ഉണ്ടായ കാരണം തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയെന്ന് കൊലപാതകത്തിന് കാരണം ആരാഞ്ഞവരോട് ആഷിഖ്.
കൊടുവാളും പിടിച്ച് രക്തം പുരണ്ട കൈകളാൽ വീട്ടിലെ ഡൈനിംഹാളിൽ മാതാവിനെ കഴുത്ത് അറുത്ത ശേഷമാണ് ഓടി കൂടിയവരുടെ മുന്നിൽ വെച്ച് കൊലക്കുള്ള കാരണം വ്യക്തമാക്കിയത്.
മസ്തിഷ്ക ശസ്ത്രക്രിയക്കുശേഷം സഹോദരി സക്കീനയുടെ വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന അടിവാരം പൊട്ടിക്കൈ മുപ്പതേക്ര കായിക്കൽ വീട്ടിൽ സുബൈദ (52)യുടെ ദാരുണാന്ത്യം വലിയ നടുക്കമാണ് നാടിന് തീർത്തത്. സക്കീനയുടെ മകൻ വിദേശത്തും മകൾ വിവാഹത്തിനുശേഷം ഭർത്തൃവീട്ടിലുമായിരുന്നതിനാൽ സക്കീനയും സുബൈദയും ആഷിഖുമായിരുന്നു വേനക്കാവിലെ വീട്ടിൽ നാലുമാസത്തോളമായി താമസിച്ചിരുന്നത്. രണ്ടുമൂന്നുദിവസം സ്ഥലത്തില്ലായിരുന്ന ആഷിഖ് വെള്ളിയാഴ്ച രാത്രിയായിരുന്നു വീട്ടിൽ തിരിച്ചെത്തിയത്. തുടർന്ന് മൂവരും ഭക്ഷണം കഴിക്കുകയും പിറ്റേന്ന് രാവിലെ പതിവുപോലെ സക്കീന ജോലിക്കു പോവുകയുമായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ സക്കീന കാണുന്നത് ചോരയിൽ കുളിച്ചുകിടക്കുന്ന തന്റെ സഹോദരിയെയാണ്. ഇതിനിടെ കൊലയ്ക്ക് ഉപയോഗിച്ച കൊടുവാൾ പൈപ്പിലെ ടാപ്പ് വെള്ളത്തിൽ കഴുകിയശേഷം ആഷിഖ് സിറ്റൗട്ടിൽ കൊണ്ടുവെച്ചു. തുടർന്ന് നാട്ടുകാരാണ് കൈയും കാലും കെട്ടിയിട്ട് യുവാവിനെ പോലീസിന് കൈമാറിയത്.
ആഷിഖ് മുമ്പ് മലാപ്പറമ്പിലും ബംഗളൂരിലും ഡീ അഡിക്‌ഷൻ സെന്ററുകളിൽ ആഷിഖ് ചികിത്സ തേടിയിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ടുമൂന്നുദിവസത്തേക്ക് വീട് വീട്ടുനിന്നത് മാതാവ് ചോദ്യംചെയ്തതിലുള്ള പ്രകോപനമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് മൊഴി ലഭിച്ചതെന്നാണ് പോലീസ് ഭാഷ്യം. എല്ലാവരോടും സൗമ്യമായി പെരുമാറിയിരുന്ന സുബൈദയ്ക്ക് അവർ പ്രതീക്ഷയോടെ വളർത്തിയ ഏകമകന്റെ കൈകൊണ്ടുതന്നെ ദാരുണാന്ത്യം സംഭവിച്ചതോർത്ത് സമീപവാസികൾക്ക് ഇതുവരെ നടുക്കം വിട്ടുമാറിയിട്ടില്ല. ‘‘എന്റെ കൈകൊണ്ട് ഇന്നലെ രാത്രി അവന് ചോറുവിളമ്പിക്കൊടുത്തതാണ്. രാവിലെ ഇരുവരും നല്ലരീതിയിൽത്തന്നെയായിരുന്നു. പിന്നെന്താണ് സംഭവിച്ചതെന്നറിയില്ല’’. എന്നുപറഞ്ഞ് വിലപിച്ച സഹോദരി സക്കീനയെ ആശ്വസിപ്പിക്കാൻ പ്രദേശവാസികൾ പാടുപെട്ടു