ചെന്നൈ: വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ചികിത്സയിലിരി ക്കെ ഹൃദയാഘാതം മൂലമാണ് നടന്റെ അന്ത്യം. വിയറ്റ്നാം കോളനി എന്ന ഹിറ്റ് ചിത്രത്തിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു മലയാളികൾക്ക് സുപരിചിതനായത്.
വിജയ രംഗരാജുവിന് ദീക്ഷിത, പത്മിനി എന്നീ രണ്ട് പെൺമക്കളുണ്ട്. പബ്ലിസിസ്റ്റ് സുരേഷാണ് തന്റെ എക്സ് പേജിൽ രംഗരാജുവിന്റെ മരണവാർത്ത സ്ഥിരീകരിച്ചത്. തെലുങ്ക്, മലയാളം ചലച്ചിത്ര രംഗത്ത് ഇദ്ദേഹം ഏറെ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പല സൂപ്പർതാര ചിത്രങ്ങളിലും വില്ലൻ സഹനടൻ വേഷക്കിൽ ഇദ്ദേഹം തിളങ്ങി. വിയറ്റ്നാം കോളനിയിലെ റാവുത്തർ വേഷം ഏറെ ശ്രദ്ധേയമായിരുന്നു. തെലുങ്കിൽ ഗോപിചന്ദിന്റെ യജ്ഞം എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധേയമാണ്.വിജയ രംഗരാജു എന്ന രാജ് കുമാർ ചെന്നൈയിൽ തിയറ്റർ നടനായാണ് പിന്നീട് സിനിമാ മേഖലയിൽ എത്തിച്ചേർന്നത്. നന്ദമുരി ബാലകൃഷ്ണ അഭിനയിച്ച ഭൈരവ ദീപം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് ശ്രദ്ധേയവേഷം ചെയ്യുന്നത്.
അശോക ചക്രവർത്തി, സ്റ്റേറ്റ് റൗഡി, വിജയ് തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. സിനിമയിലെ അഭിനയത്തിന് പുറമെ ഭാരോദ്വഹനത്തിലും ബോഡി ബിൽഡിംഗിലും വിജയ രംഗരാജു ശ്രദ്ധ നേടിയിരുന്നു.