കോഴിക്കോട്: കുറ്റ്യാടിയില്‍ മാരക ലഹരിമരുന്നായ എംഡിഎംഎ വാങ്ങാന്‍ എത്തിയ യുവാവിനെ കയ്യോടെ പിടികൂടി നാട്ടുകാര്‍. കുറ്റ്യാടി ജനകീയ ദുരന്തനിവാരണ സേന പ്രവര്‍ത്തകരാണ് എംഡിഎംഎയുമായി നാദാപുരം ചെക്യാട് സ്വദേശി ആദര്‍ശിനെ കുറ്റ്യാടി പൊലീസിന് കൈമാറിയത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. രാത്രിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ കണ്ട നാട്ടുകാരന്‍ ജനകീയ ദുരന്ത നിവാരണ സേനാ ചെയര്‍മാന്‍ ബഷീര്‍ നരയംകോടനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഏവരെയും അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.
അടുക്കത്ത് സ്വദേശി അഫ്രീദ് എന്നയാള്‍ക്ക് പണം അയച്ചുകൊടുത്തതായും അതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരാള്‍ അയച്ചുനല്‍കിയ എംഡിഎംഎ ഇരിക്കുന്ന ലൊക്കേഷനും ഫോട്ടോയും അനുസരിച്ചാണ് അവിടെ എത്തിയതെന്നും ആദര്‍ശ് പറഞ്ഞു. ഇയാളില്‍ നിന്ന് 4.7 ഗ്രാം എംഡിഎംഎ കണ്ടെടുത്തിട്ടുണ്ട്. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.