തിരുവനന്തപുരം: മുൻഗണനേതര വിഭാഗങ്ങളായ നീല, വെള്ള റേഷൻകാർഡുടമകളിൽ നിന്ന് റേഷന്‍ പ്രതിമാസം ഒരുരൂപ സെസ് പിരിക്കാൻ ധനവകുപ്പിന്റെ പച്ചക്കൊടി. റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ വരുമാനം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് വെൽഫെയർ ഫണ്ട് സെസ് ഇനത്തിൽ ഒരു രൂപ ഈടാക്കുക. ഇതുസംബന്ധിച്ച ഭക്ഷ്യപൊതുവിതരണ കമീഷണറുടെ റിപ്പോർട്ട് ഭക്ഷ്യവകുപ്പ് കഴിഞ്ഞ ജൂണിൽ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അനുമതി ലഭ്യമാക്കുന്ന മുറക്ക് ഏപ്രിൽ മുതൽ സെസ് നടപ്പാക്കുമെന്നാണ് വിവരം. ഒരു വർഷത്തേക്കാകും സെസ്.
24 വർഷമായി റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിലേക്ക് ഒരുരൂപ പോലും വിഹിതമായി സർക്കാർ നൽകിയിട്ടില്ല. പകരം 14,161 വ്യാപാരികളിൽ നിന്ന് മാസം 200 രൂപ ബോർഡിലേക്ക് സർക്കാർ ഈടാക്കുകയായിരുന്നു. ക്ഷേമനിധിയിൽ അംഗമായ വ്യാപാരിക്ക് പെൻഷനായി 1500 രൂപയും മാരകരോഗം വന്നാൽ (ഒരുതവണ) പരമാവധി 25,000 രൂപയുമാണ് സർക്കാർ നൽകുന്നത്. 1564 വ്യാപാരികളാണ് നിലവിൽ പെൻഷൻ കൈപ്പറ്റുന്നത്. മൂന്നുമാസം കൂടുംതോറും പെൻഷൻ നൽകാൻ 80 ലക്ഷം രൂപയാണ് ധനവകുപ്പ് കണ്ടെത്തേണ്ടത്. ചികിത്സാസഹായമായി 23 ലക്ഷവും നൽകാനുണ്ട്. പ്രതിസന്ധിയെ തുടർന്ന് പെൻഷനും ചികിത്സ സഹായങ്ങളും മുടങ്ങിയതോടെ ക്ഷേമനിധി ബോർഡിലേക്ക് പണമടക്കില്ലെന്ന് വ്യാപാരികൾ കത്ത് നൽകിയിരുന്നു. തിങ്കളാഴ്ച ഭക്ഷ്യമന്ത്രിയുമായുള്ള ചർച്ചയിൽ വിഷയം സംഘടനാ നേതാക്കൾ ഉന്നയിച്ചതോടെയാണ് സെസ് നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചത്.
അതേസമയം വേതന പരിഷ്കരണവുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രി ജി.ആർ. അനിലുമായി റേഷൻ വ്യാപാരി സംഘടനകൾ നടത്തിയ ചർച്ച അലസി. തുടർന്ന് ഈ മാസം 27 മുതല്‍ അനിശ്ചിതകാലത്തേക്ക് റേഷൻകടകൾ അടച്ചിടാൻ റേഷൻ ഡീലേഴ്സ് കോ-ഓഡിനേഷൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഭരണപക്ഷ റേഷൻ വ്യാപാരി സംഘടനകളായ കേരള റേഷൻ എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു), കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷനും (എ.ഐ.ടി.യു.സി) സമരത്തിൽ പങ്കാളികളാകുമെന്ന് കോഓഡിനേഷൻ സംസ്ഥാന കമ്മിറ്റി ജന. കൺവീനർ അഡ്വ. ജോണി നെല്ലൂർ അറിയിച്ചു.
45 ക്വിന്റൽ റേഷൻ ഭക്ഷ്യധാന്യം വിൽക്കുന്ന വ്യാപാരിക്ക് 18,000 രൂപയാണ് കമീഷൻ ലഭിക്കുന്നത്. എന്നാൽ, സംസ്ഥാനത്ത് 14,000ത്തോളം വരുന്ന വ്യാപാരികളിൽ ഏഴായിരത്തോളം പേർക്കും 18,000 രൂപയിൽ താഴെയാണ് വരുമാനം. ഈ സാഹചര്യത്തിൽ 18,000 രൂപ 30,000 ആക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എട്ടുവര്‍ഷം മുമ്പ് സർക്കാർ നിശ്ചയിച്ച വേതന പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം ന്യായമാണെന്നും നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ വേതന വർധന നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി അനിൽ അറിയിച്ചു. ഓരോ മാസത്തെ കമീഷനും അടുത്തമാസം 10ാം തീയതിക്കകം നൽകാമെന്ന് സർക്കാർ പലതവണ ഉറപ്പ് നൽകിയിരുന്നെങ്കിലും നവംബർ, ഡിസംബർ മാസങ്ങളിലെ കമീഷൻ ജനുവരി 20 ആയിട്ടും ലഭിച്ചിട്ടില്ലെന്ന് ജോണി നെല്ലൂർ അറിയിച്ചു.