തിരുവനന്തപുരം: കൊവിഡ് കാലത്ത് സംസ്ഥാന ആരോഗ്യ വകുപ്പ് പിപിഇ കിറ്റ് വാങ്ങിയതിൽ വൻ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. 10.23 കോടി രൂപയുടെ അധികബാധ്യത സംസ്ഥാന സർക്കാരിന് ഇതിലൂടെ ഉണ്ടായെന്നും പൊതുവിപണിയെക്കാൾ 300 ശതമാനം കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു.
പിപിഇ കിറ്റ് 2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്ക് വാങ്ങിയെന്നും രണ്ട് ദിവസത്തിന് ശേഷം മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയെന്നും റിപ്പോർട്ട് പറയുന്നു. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നാണ് സിഎജി ചൂണ്ടിക്കാട്ടുന്നത്. കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞ് സാൻ ഫാർമ എന്ന കമ്പനിക്ക് പിപിഇ കിറ്റിന് മുൻകൂറായി മുഴുവൻ പണവും നൽകിയെന്നുമാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെയാണ് ഈ ഇടപാട് നടന്നത്. പിപിഇ കിറ്റ് വാങ്ങിയതിൽ വൻ അഴിമതിയുണ്ടെന്ന് നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
സർക്കാർ നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കിറ്റുകൾ നൽകാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ സ്ഥിരം വിതരണക്കാരായ 3 പേരുൾപ്പെടെ നാല് സ്ഥാപനങ്ങൾ തയ്യാറായി നിൽക്കെയാണ് ഉയര്‍ന്ന നിരക്കിൽ ഓർഡര്‍ നൽകിയത് എന്നത് അടക്കം വിവരങ്ങൾ സര്‍ക്കാരിനെ നേരത്തെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. അത്യാവശ്യ സാഹചര്യം നേരിടാനുള്ള നടപടി എന്ന് വിശദീകരിച്ചാണ് സര്‍ക്കാരും ഭരണ നേതൃത്വവും പിടിച്ച് നിന്നതും.