കോഴിക്കോട്: മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധി നാൾക്കുനാൾ കൂടുന്നു. കുറിച്ചു നൽകുന്ന മരുന്നുകൾക്കായി ഫാർമസികൾ കയറിയിറങ്ങി മടുത്ത് രോഗികൾ. അവശ്യമരുന്ന് ലിസ്റ്റിലുൾപ്പെട്ട 155 ഇനം മരുന്നുകളിൽ 50 എണ്ണം കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ, കാരുണ്യ ഫാർമസി വഴി ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ പറയുമ്പോഴും രോഗികൾക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ന്യായവില മെഡിക്കൽ സ്റ്റോറിൽ മരുന്നുകൾ ലഭ്യമല്ലാതായതോടെ ഡയാലിസിസ്, ഹൃദ്രോഗം ,ത്വക്ക് രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ രോഗികൾ അമിത വിലയ്ക്ക് പുറത്തുനിന്ന് വാങ്ങുകയാണ്. മരുന്ന് പ്രതിസന്ധി പരിഹരിക്കാൻ പ്രിൻസിപ്പൽ, സൂപ്രണ്ട് തുടങ്ങിയവർ ആരോഗ്യമന്ത്രിയുമായുള്ള ചർച്ച തുടരുകയാണ്. ജീവൻ രക്ഷാമരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ തുടങ്ങിയവ വിതരണം ചെയ്ത വകയിൽ കുടിശിക തുക 90 കോടിയിലെത്തിയതോടെയാണ് കഴിഞ്ഞ പത്ത് മുതൽ വിതരണക്കാർ മെഡി.കോളേജിലേക്കുള്ള മരുന്ന് വിതരണം നിറുത്തിയത്. ഒക്ടോബർ വരെയുള്ള കുടിശികയെങ്കിലും ലഭിക്കാതെ മരുന്ന് വിതരണം പുനഃരാരംഭിക്കില്ലെന്ന നിലപാടിലാണ് വിതരണക്കാർ.''അവശ്യമരുന്ന് ലിസ്റ്റിലെ 50 ഇനം ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. നൂറിനം മരുന്നുകൾ ഇന്ന് വെെകിട്ട് തന്നെ മെഡി.കോളേജിൽ എത്തും. ഡോ.അരുൺ, മെഡി.കോളേജ് വെെസ് പ്രിൻസിപ്പൽ