കോഴിക്കോട്: സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വിമർശനുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. കണ്ണൂർ ജില്ലയിലെ 18 സി.പി.എം ഏരിയ സെക്രട്ടറിമാരിൽ ഒരു സ്ത്രീ പോലുമില്ലെന്ന് പരിഹസിച്ച അബൂബക്കർ മുസ്‌ലിയാർ, ഇസ്‌ലാമിന്‍റെ നിയമങ്ങൾ പണ്ഡിതന്മാർ പറയുമെന്നും മറുപടി നൽകി.
'ഇസ്‌ലാമിന്‍റെ നിയമങ്ങൾ ആലിമീങ്ങൾ പറയും. മറ്റുള്ള മതക്കാർ അതിൽ കടന്ന് കൂടി വന്നിട്ട് ഇസ്‌ലാമിന്‍റെ വിധി, അതിവിടെ നടപ്പാകൂല എന്ന് പറഞ്ഞാൽ... ഇന്നൊരാളുടെ പ്രസ്താവന കേട്ടു. അയാളുടെ പാർട്ടിയിൽ തന്നെ, അയാളുടെ ജില്ലയിൽ 18 ഏരിയ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരിക്കുന്നു. ഈ 18ഉം പുരുഷൻമാരാണ്. ഒറ്റ പെണ്ണിനെയും അവർക്ക് കിട്ടീട്ടില്ല....' -എന്നിങ്ങനെയായിരുന്നു എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസംഗം.
അന്യപുരുഷന്മാരുമായി ഇടകലർന്ന് സ്ത്രീകൾ വ്യായാമംചെയ്യരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ നിലപാടിനെതിരെ പരോക്ഷ വിമർശനമാണ് ഇന്ന് എം.വി. ഗോവിന്ദൻ നടത്തിയത്. സ്ത്രീകൾ പൊതു ഇടങ്ങളിൽ ഇറങ്ങരുതെന്നത് പിന്തിരിപ്പൻ നിലപാടാണെന്നും അങ്ങനെ ശാഠ്യംപിടിക്കുന്നവർക്ക് പിടിച്ചുനിൽക്കാനാവില്ലെന്നുമാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. അത്തരക്കാർ പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടിവരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. സി.പി.എം പാലക്കാട് ജില്ല സമ്മേളനത്തിനെത്തിയ ഗോവിന്ദൻ വാർത്തലേഖകരോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.
പുരുഷന്മാരും സ്ത്രീകളും ഇടകലർന്നുള്ള ഏതു പദ്ധതി കൊണ്ടുവന്നാലും എതിർക്കുമെന്ന് നേരത്തെ മെക് 7 വ്യായാമത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നിലപാടെടുത്തിരുന്നു. സമുദായത്തെ പൊളിക്കാനുള്ളതാണ് അത്തരം പദ്ധതികളെന്നും വിശ്വാസ സംരക്ഷണമാണ് പ്രധാനമെന്നും കാന്തപുരം വ്യക്തമാക്കിയിരുന്നു.