താമരശ്ശേരി: താമരശ്ശേരിയിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയെ തടഞ്ഞു നിർത്തി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്നതായി പരാതി. താമരശ്ശേരി- കൊയിലാണ്ടി സംസ്ഥാന പാതയിൽ ചുങ്കം ബിഷപ്പ് ഹൗസിനു സമീപമുള്ള ഐഒസി പെട്രോൾ പമ്പിന് മുന്നിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. റോഡരികിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഫെലിക്സ് രാജേഷിനെ തടഞ്ഞു നിർത്തിയാണ് കവർച്ച നടത്തിയത്.
രാത്രി 11.15ഓടെ കടയടച്ച് ചുങ്കം ഭാഗത്തേക്ക് നടന്നു പോകുകയായിരുന്നു ഫെലിക്സ്. ഐഒസി പമ്പിന് സമീപം റോഡരികിൽ നിർത്തിയിട്ട ബൈക്കിനടുത്ത് നിൽക്കുകയായിരുന്നു യുവാക്കൾ. ഇവർ ആദ്യം വയനാട്ടിലേക്കുള്ള വഴി ചോദിച്ചു. പിന്നീട് കൈയിൽ കഞ്ചാവുണ്ടോയെന്ന് ചോദിക്കുകയും തുടർന്ന് ബലമായി പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപയും15000 രൂപ വിലയുള്ള പുതിയ സാംസങ്ങ് മൊബൈൽ ഫോണും പിടിച്ചെടുത്ത് കടന്നുകളയുകയുമായിരുന്നുവെന്ന് ഫെലിക്സ് പൊലീസിന് മൊഴി നൽകി.അക്രമത്തിനിടെ ബഹളമുണ്ടാക്കി സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരെ വിളിച്ചെങ്കിലും ഇതര സംസ്ഥാനക്കാരായ ഇവർ സ്ഥലത്തേക്ക് വന്നുനോക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ കേസെടുത്ത പൊലീസ് പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് താമരശ്ശേരിയിൽ മൂന്നിടങ്ങളിലായി എട്ട് വീടുകളിലും മൂന്ന് ഉന്തുവണ്ടികൾ കുത്തിതുറന്നും കവർച്ച നടന്നത്. ഈ സംഭവങ്ങളിലൊന്നും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.