വയനാട്:മക്കിയാട് ചീപ്പാടിന് സമീപം നിയന്ത്രണം വിട്ട കാറിടിച്ച് കാല്നടയാത്രികന് മരിച്ചു. ചീപ്പാട് മുരുകാലയ ഫര്‍ണ്ണിച്ചര്‍ സ്ഥാപനത്തിലെ ആശാരി പണിക്കാരനായ മട്ടിലയം പുത്തന്‍ പുരയില്‍ രാജു (54) വാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ചീപ്പാട് കൃഷിഭവന് സമീപമായിരുന്നു സംഭവം. തൊണ്ടര്‍നാട് പാലേരിക്ക് സമീപം താമസിക്കുന്ന കോണ്ട്രാക്ടര് സണ്ണിയും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട കാര്‍ റോഡിലൂടെ നടന്നു വരികയായിരുന്ന രാജുവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികിലെ ഡ്രൈയിനേജിലേക്ക് കയറി മതിലില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തില്‍ സണ്ണിക്കും പരിക്കേറ്റിട്ടുണ്ട്. ഇദ്ധേഹത്തെ വിദഗ്ധ പരിശോധനക്കായി കോഴിക്കോടേക്ക് കൊണ്ടു പോകുമെന്ന് കൂടെയുള്ളവര്‍ പറഞ്ഞു.