വഖഫ് ഭേദഗതിബില്ലിന് ജെപിസി അംഗീകാരം നൽകിയ നടപടി ഏകപക്ഷീയമായ രീതിയിലെന്ന വിമർശനം ശക്തമായിരിക്കെ സുപ്രീംകോടതിയെ സമീപിക്കാൻ പ്രതിപക്ഷം.സിറ്റിംഗുകളിൽ ലഭിച്ച അഭിപ്രായങ്ങൾ ജെപിസി യോഗത്തിൽ ചെയർമാൻ ജഗദാംബിക പാൽ ചർച്ച ചെയ്യാൻ തയ്യാറായില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ബജറ്റ് സമ്മേളനത്തിലും ഈ വിഷയം ഉയർത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കും.കഴിഞ്ഞ ദിവസമാണ് സംയുക്ത പാർലമെന്ററി കമ്മിറ്റി വഖഫ് ഭേദഗതി ബില്ലിന് അംഗീകാരം നൽകിയത്.
14 ഭേദഗതികളാണ് കമ്മിറ്റി അംഗീകരിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ സമിതി തള്ളിയിരുന്നു. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ പിന്തുണച്ചപ്പോൾ 16 പേർ എതിർക്കുകയായിരുന്നുവഖഫ് ബോർഡുകളുടെ ഭരണരീതിയിൽ നിരവധി മാറ്റങ്ങളാണ് ഭേദഗതി ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം അമുസ്ലിങ്ങളായ രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയിൽ ഇടം നേടും. വഖഫ് കൗൺസിലിന് ഭൂമി അവകാശപ്പെടാനും സാധിക്കില്ല.
ബിൽ പാസാക്കിയത് ഏകപക്ഷീയമായ നടപടിലൂടെയാണെന്ന് ഡിഎംകെ അംഗം എ രാജ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. അസാധാരണ നടപടിയാണ് ജെപിസി യോഗത്തിൽ ഉണ്ടായതെന്നും ഏകപക്ഷീയമായി ചെയർമാൻ തീരുമാനങ്ങൾ എടുത്തുവെന്നും എ രാജ പറഞ്ഞു.ജെപിസിയുടെ തീരുമാനം പാർലമെന്റിൽ ശക്തമായി എതിർക്കുമെന്നും ബില്ല് പാസാക്കിയാൽ നിയമപരമായി നേരിടുംമെന്നും രാജ സൂചന നൽകിയിരുന്നു. യോഗത്തിൽ ഒരു നിയമവും നടപടിക്രമങ്ങളും പാലിക്കപ്പെട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയും പറഞ്ഞിരുന്നു.
നേരത്തെ നവംബർ 29നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജെപിസിയോട് ആദ്യം ആവശ്യപ്പെട്ടിരുന്നത്. പിന്നീട് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുന്ന ഫെബ്രുവരി 13 വരെയായി സമയപരിധി നീട്ടി നൽകുകയായിരുന്നു.