കോഴിക്കോട്: പതിവിലും നേരത്തെ ചൂട് എത്തിയതോടെ വിലയിൽ പൊള്ളി പഴം വിപണി. പപ്പായ മുതൽ ഇറക്കുമതി പഴങ്ങൾ വരെ വിപണിയിലുണ്ടെങ്കിലും പലതിനും അടുക്കാൻ കഴിയാത്ത വിലയാണ്. ഓറഞ്ച്, തണ്ണിമത്തൻ, പെെനാപ്പിൾ, മുന്തിരി ,ആപ്പിൾ എന്നിവയ്ക്കാണ് കൂടുതൽ ആവശ്യക്കാരെന്ന് കച്ചവടക്കാർ പറയുന്നു. ഗുണമേന്മയ്ക്കനുസരിച്ചാണ് വിലയിലെ മാറ്റം. മുന്തിരിയുടെ സീസൺ ആണെങ്കിലും വില കൂടുതലാണ്. മുന്തിരിയുടെ ചില്ലറ വിൽപ്പന 100 മുതൽ 140 രൂപ വരെയാണ്. കറുത്ത മുന്തിരിക്കൊപ്പം പച്ച മുന്തിരിയും ഇപ്പോൾ കൂടുതലായി എത്തുന്നുണ്ട്. ഇവ പാതയോരങ്ങളിലും സജീവമാണ്. നേരത്തെ 10 കിലോ വരുന്ന മുന്തിരിയുടെ ബോക്സായിരുന്നു വിൽപ്പനക്കാർക്ക് ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 8.5 കിലോയുടെ ബോക്സാണ് ലഭിക്കുന്നത്. വിലയിലാണെങ്കിൽ മാറ്റവുമില്ല.
650 രൂപ മുതൽ 1100 രൂപ വരെയാണ് വില. നൂറ് രൂപയ്ക്ക് രണ്ടും മൂന്നും കിലോ ലഭിച്ചിരുന്ന ഓറഞ്ചിന് സീസൺ അവസാനിച്ച് തുടങ്ങുന്നതിനാൽ വിലയും വർദ്ധിച്ചു. ഒരു കിലോയ്ക്ക് 80- 100 രൂപയായി. ആപ്പിൾ 180- 200 വരെയാണ് വില. ഉറുമാമ്പഴം 140- 160 തോതിലാണ് വില. പേരക്ക 120 മുതൽ 160 വരെയാണ് വില. ഫാഷൻ ഫ്രൂട്ട് 130- 140 വരെയാണ് വില. ബംഗളൂരു, തമിഴ്നാട്, എന്നിവിടങ്ങളിൽ നിന്നുള്ള പഴങ്ങളാണ് ജില്ലയിൽ കൂടുതലായും എത്തുന്നത്. വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന തണ്ണിമത്തന്റെ വില 30 രൂപ മുതലാണ്. വരുംദിവസങ്ങളിൽ കൂടുതൽ തണ്ണിമത്തൻ വിപണിയിലെത്തുമെന്ന് വ്യാപാരികൾ പറയുന്നു. വാഴപ്പഴങ്ങളിൽ നേന്ത്രൻ, ഞാലിപ്പൂവൻ എന്നിവയ്ക്ക് വില കൂടുതലാണ്