ബത്തേരി: മാനന്തവാടി കാട്ടിക്കുളം എടയൂർകുന്നിലെ ജനവാസകേന്ദ്രത്തിൽ പരിക്കേറ്റ് ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയാന മുത്തങ്ങയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ ചരിഞ്ഞു. കടുവയുടെ ആക്രമണത്തിൽ തുമ്പിക്കൈക്കും ഇടത് കാലിനുമടക്കം പതിനേഴോളം മുറിവുകളാണ് കുട്ടിക്കുറുമ്പന്റെ ശരീരത്തിലുണ്ടായിരുന്നത്. ഈ മാസം പത്തിനാണ് എടയൂർ കുന്നിൽ ആനക്കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിൽ ആറുമാസം പ്രായമുള്ള കുട്ടിക്കൊമ്പനെ കണ്ടത്. ആനക്കുട്ടിയെ വനംവകുപ്പ് പിടികൂടി പ്രാഥമിക ചികിത്സ നടത്തി വനത്തിൽ വിട്ടെങ്കിലും ആനക്കൂട്ടത്തിന്റെ കൂടെപോകാൻ കൂട്ടാക്കിയില്ല. തുടർന്നാണ് വല ഉപയോഗിച്ച് പിടികൂടി പതിമൂന്നാം തിയ്യതി മുത്തങ്ങയിലെ ആനപ്പന്തിയിലെത്തിച്ചത്.
ഇവിടെനേരത്തെ ഉണ്ടായിരുന്ന പന്തി കുട്ടിയാനയ്ക്ക് പാകത്തിൽ സജ്ജമാക്കിയാണ് ചികിൽസ തുടങ്ങിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് ചികിത്സ. ഭക്ഷണവും വെള്ളവും മരുന്നുകളോട് പ്രതികരിക്കുകയും ചെയ്ത കുട്ടിക്കൊമ്പൻ ആരോഗ്യ നിലയിൽ പുരോഗതി കൈവരിക്കുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച രാത്രിയോടെ ആരോഗ്യനില പെട്ടെന്ന് മോശമാകുകയും ഇന്നലെ പുലർച്ചെ ചരിയുകയുമായിരുന്നു