വാഷിങ്ടൺ: അമേരിക്കയിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം നദിയിൽ പതിച്ചതായി സംശയം. ബുധനാഴ്ച രാത്രി അമേരിക്കൻ സമയം 9.30 ഓടെ വാഷിങ്ടൺ റീഗൺ നാഷണൽ എയർപോർട്ടിന് സമീപമാണ് സംഭവം. റീഗൻ വിമാനത്താവളത്തിൽ വിമാനം ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ എത്രപേർ മരണപ്പെട്ടു എന്ന് വ്യക്തതയില്ലെന്ന് ടെക്സാസ് സെനറ്റർ ടെഡ് ക്രൂസ് സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. വിമാനത്തിൽ 65 യാത്രക്കാരാണ് ഉണ്ടായിരുന്നത്. കാൻസസിൽ നിന്ന് വാഷിങ്ടൺ റീഗൺ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു
വിമാനമെന്നാണ് വിവരം.
അമേരിക്കൻ എയർലൈൻസിന്റെ സിആർജെ - 700 വിമാനവും അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും തമ്മിൽ കൂട്ടിയിടിച്ചതായി അമേരിക്കൻ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ ഹെലിക്കോപ്റ്ററും അപകടത്തിൽ ഉൾപ്പെട്ടിട്ടുള്ളതായി അമേരിക്കൻ സൈന്യവും സ്ഥിരീകരിച്ചു. വിമാനം സമീപത്തെ നദയിലേക്ക് വീണെന്നാണ് പ്രാഥമിക നിഗമനം.
വിമാനത്താവളത്തിന് സമീപത്തുള്ള പോടോമാക് നദിയുടെ തീരത്ത് വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. വിമാനം ലാൻഡ് ചെയ്തതിന്റെ തെളിവുകളൊന്നും ഇല്ലെന്നും നദിയിൽ വീണിരിക്കാനാണ് സാധ്യതയെന്നുമാണ് അന്താരാഷ്ട്ര് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.