ദില്ലി: യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഏതാനും ഉൽപന്നങ്ങൾക്കുള്ള തീരുവ ഇന്ത്യ വെട്ടിക്കുറച്ചേക്കുമെന്നു റിപ്പോർട്ട്. യുഎസ് ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങൾക്കു തിരിച്ചും വലിയ തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണ് ഇന്ത്യൻ നീക്കം.
ഉരുക്ക്, വിലകൂടിയ മോട്ടർസൈക്കിളുകൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയ്ക്കുള്ള തീരുവയാണു കുറയ്ക്കാൻ ആലോചിക്കുന്നത്. നിലവിൽ യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന ഇരുപതിലേറെ ഉൽപന്നങ്ങൾക്ക് ഇന്ത്യ 100 ശതമാനത്തിലധികം തീരുവ ചുമത്തുന്നുണ്ട്. അതേസമയം, തീരുവ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം ആഭ്യന്തര വിപണിയിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കില്ലെന്നാണു സൂചന.
ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങൾ യുഎസ് ഇറക്കുമതിക്കു വലിയ തീരുവ ചുമത്തുന്നുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസിനു ചുമത്തുന്ന അതേ തീരുവ തിരിച്ചും ചുമത്തുമെന്നും ‘അമേരിക്ക ആദ്യമെന്ന’ നയമാണു യുഎസ് പിന്തുടരാൻ പോകുന്നതെന്നുമായിരുന്നു ട്രംപിന്റെ ഭീഷണി. 1ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനം നടത്താനിരിക്കേയാണ് ഇന്ത്യയുടെ നിർണായക നീക്കം.