തിരുവനന്തപുരം:
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മാവൻ ഹരികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞ് കൊന്നത് താൻ ആണെന്ന് പ്രതി പൊലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു.
കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രതിയുടെ മൊഴി ശരിവെയ്ക്കുന്നതാണ്. ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ പങ്കിനെക്കുറിച്ചും പൊലീസ് അന്വേഷണം തുടരും.എന്നാൽ കൊലപാതകത്തിൽ ശ്രീതുവിന് എതിരെയുള്ള തെളിവ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഇവരുടെ ചോദ്യം ചെയ്യൽ തുടരും. അതേ സമയം കുട്ടിയുടെ മുത്തശി ശ്രീകലയേയും അച്ഛൻ ശ്രീജിത്തിനേയും പൊലീസ് വിട്ടയച്ചു. രണ്ട് പേരും നിരപരാധികളാണന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വിട്ടയച്ചത്.
ദേവേന്ദുവിന്റെ പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിൽ വെള്ളം കയറിയ നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മറ്റ് മുറിവുകളില്ലെന്നും പ്രാഥമികപോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദേവേന്ദുവിന്റെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായി