ആലപ്പുഴ: വീടിന് തീപിടിച്ച് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം. ചെന്നിത്തല കോട്ടമുറി സ്വദേശികളായ കറ്റോട്ട് രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വീടിന് തീപിടിച്ചതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല. ടിൻ ഷീറ്റ് കൊണ്ട് നിർമിച്ച വീട് പൂർണമായും കത്തിനശിച്ച നിലയിലാണ്.
തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ദമ്പതികളുടെ മകൻ വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിജയൻ മാതാപിതാക്കളെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. മദ്യപാനിയായ മകൻ വീടിന് തീവെച്ചതാണെന്ന സംശയത്തിലാണ് പൊലീസ്. മകനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
കുറച്ചുനാളായി സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. മാതാപിതാക്കളെ കൊല്ലുമെന്ന് വിജയൻ പലപ്പോഴും ഭീഷണിപ്പെടുത്തിയിരുന്നതായി ദമ്പതികളുടെ പേരമകൻ വിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. വിജയൻ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായി അമ്മൂമ്മ തന്നോട് പറയാറുണ്ടായിരുന്നുവെന്നും വിഷ്ണു പറഞ്ഞു.