പത്തനംതിട്ട:നന്നാക്കാന്‍ കിട്ടിയ ഫോണ്‍. ഒരു രസത്തിന് ഗാലറി തുറന്ന് നോക്കിയ മൊബൈൽ ടെക്നീഷ്യന്‍ കണ്ടത് ഫോണ്‍ ശരിയാക്കാന്‍ തന്നയാളും അയാളുടെ കാമുകിയും തമ്മിലുളള ചാറ്റും സ്വകാര്യ ചിത്രങ്ങളും. പിന്നെ ഒട്ടും താമസിച്ചില്ല, ആ വിവരങ്ങള്‍ ഫോണ്‍ നന്നാക്കാന്‍ തന്നയാളുടെ ഭാര്യയ്ക്ക് അയച്ച് കൊടുക്കുന്നു. കേള്‍ക്കുമ്പോള്‍ വല്ല സിനിമയിലും സംഭവിച്ചതാണോ എന്ന് തോന്നും. എന്നാല്‍ സംഗതി സത്യമാണ്. പത്തനംതിട്ടയില്‍ ഒരു മൊബൈൽ ടെക്നീഷ്യന്‍ പിടിച്ച പുലിവാല് ഒരു ഒന്നൊന്നര പണിയായി.
പത്തനംതിട്ട തണ്ണിത്തോട്ടിലാണ് കഥ. കേടായ മൊബൈല്‍ ഫോണ്‍ ശരിയാക്കാന്‍ യുവാവ് കടയില്‍ കൊടുക്കുന്നു. തണ്ണിത്തോട് സ്വദേശി നവീൻ പ്രസാദായിരുന്നു മൊബൈൽ ടെക്നീഷ്യന്‍. ഫോണ്‍ നന്നാക്കുന്നതിന് മുന്‍പ് കക്ഷി അതപ്പാടെയൊന്ന് പരിശോധിച്ചു. ഗാലറിയും വാട്സാപ്പും മെസേജിങ് ആപ്പുകളുമൊക്കെ തുറന്ന് കണ്ടു. ചാറ്റുകള്‍ കണ്ട് കുളിരണിഞ്ഞു. പിന്നെ സാമൂഹ്യബോധം ഉണര്‍ന്നു. യുവാവും കാമുകിയുമായുള്ള ചാറ്റും കോൾ റെക്കോർഡും ഫോട്ടോകളുമെല്ലാം ഫോണ്‍ ഉടമയുടെ ഭാര്യയ്ക്ക് അയച്ചുകൊടുത്തു. പിന്നത്തെ പുകില് പറയാനുണ്ടോ.
എന്തായാലും വീട്ടില്‍ പ്രശ്നമാകുമെന്ന് അറിയാവുന്നതുകൊണ്ടാവാം യുവാവ് ഒരു മുഴം നീട്ടിയെറിഞ്ഞു, ഫോണിലെ വിവരങ്ങൾ ചോര്‍ത്തിയെന്നാരോപിച്ച് പത്തനംതിട്ട എസ്പിക്ക് പരാതി നല്‍കി. ഐടി വകുപ്പ് ചുമത്തി മൊബൈൽ ടെക്നീഷ്യനെതിരെ കേസെടുത്തു. ഇതേ സംഭവത്തിലെ കാമുകിയും നവീനെതിരെ മറ്റൊരു പരാതി നൽകി. നടുറോഡിൽ വച്ച് രാത്രി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതിനാണ് കേസ്. രണ്ട് കേസും എന്താകുമെന്ന് കണ്ടറിയാം.