മാനന്തവാടി : മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മദ്യലഹരിയില്‍ രോഗിയേയും കൊണ്ടുവന്ന ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാനന്തവാടി സേവാഭാരതി ആംബുലന്‍സ് ഡ്രൈവര്‍ ആയ തോണിച്ചാല്‍ സ്വദേശി രാജേഷിനെതിരെയാണ് മാനന്തവാടി പോലീസ് കേസെടുത്തത്. തുടര്‍നടപടികളുടെ ഭാഗമായി പ്രതിക്ക് നോട്ടീസ് നല്‍കി വിട്ടയക്കുകയും, ആംബുലന്‍സ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. തോണിച്ചാല്‍ സ്വദേശി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അദ്ധേഹത്തേയും കൊണ്ട് വന്നപ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി സബ് ഇന്‍സ്‌പെക്ടര്‍ പവനന്റെ നേതൃത്വത്തിലുള്ള സംഘമാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്. അന്വേഷണ നടപടികളുടെ ഭാഗമായി രാജേഷിനെ താല്‍ക്കാലികമായി ഡ്രൈവര്‍ സ്ഥാനത്ത് നിന്നും നീക്കിയതായി സേവാഭാരതി അധികൃതര്‍ വ്യക്തമാക്കി.