കോഴിക്കോട്: നിരവധി പിടിച്ചുപറി, മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് പിടികൂടി. കോഴിക്കോട് വെള്ളയില്‍ ചേക്കറിയന്‍ വളപ്പില്‍ സക്കീന വിഹാറില്‍ മുജീബ് റഹ്‌മാനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ഒക്ടോബറില്‍ മാവൂര്‍ റോഡിന് സമീപത്തെ ഇടവഴിയിലൂടെ നടന്ന് പോവുകയായിരുന്ന തമിഴ്‌നാട് നീലഗിരി സ്വദേശിയില്‍ നിന്ന് 7,500 രൂപയും 700 സൗദി റിയാലും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് കടന്നുകളഞ്ഞ കേസിലാണ് അറസ്റ്റ്.
കോഴിക്കോട് പൊക്കുന്ന് സ്വദേശിയെ മാനാഞ്ചിറയിലെ ഹെഡ്‌പോസ്റ്റ് ഓഫീസിന് പന്‍വശം വെച്ച് ഭീഷണിപ്പെടുത്തുകയും മൊബൈല്‍ ഫോണ്‍ കവരുകയും ചെയ്തതിന് ഇയാള്‍ക്കെതിരേ ടൗണ്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട്-കണ്ണൂര്‍ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ മൊബൈല്‍ ഫോണും ഇയാള്‍ സമാന രീതിയില്‍ മോഷ്ടിച്ചിട്ടുണ്ട്. ഈ സംഭവത്തില്‍ നടക്കാവ് പൊലീസ് മുജീബിനെതിരേ കേസ് എടുത്തിരുന്നു. വെള്ളയില്‍ സ്വദേശിയുടെ വീട്ടില്‍ കയറി 50,000 രൂപയും ഒരു മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും മുതലക്കുളത്ത് നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്ന് കമ്പികള്‍ മോഷ്ടിച്ച കേസിലും ഇയാള്‍ പ്രതിയാണ്.