തിരുവനന്തപുരം :വർക്കലയിൽ മകൾ വീട്ടിൽ നിന്ന് പുറത്താക്കിയ വൃദ്ധ ദമ്പതികളെ തിരികെ പ്രവേശിപ്പിച്ചു. മകൾ സിജിക്കും ഭർത്താവിനുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് നടപടി.മകൻ എത്തിയാണ് താക്കോൽ കൈമാറിയത്. ഇതിന് ശേഷം ഇരുവരും വീട്ടിൽ കയറി. ഈ സമയം മകളും കുടുംബവും വീട്ടിൽ ഉണ്ടായിരുന്നില്ല.
അതിനിടെ വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഇടപെട്ടു. സംഭവം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും ആർഡിഒയ്ക്കും മന്ത്രി നിർദേശം നൽകി. നിജസ്ഥിതി പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നും ദമ്പതികൾക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസമാണ് വർക്കലയിൽ മകൾ മാതാപിതാക്കളെ പുറത്താക്കി ഗേറ്റ് അടച്ചത്. കാൻസർ രോഗികൂടിയായ 79 വയസുള്ള സദാശിവനെയും ഭാര്യ 73-കാരി സുഷമ്മയെയുമാണ് മകൾ വീടിന് പുറത്താക്കിയത്.
നാട്ടുകാരെത്തി ഗേറ്റ് തള്ളി തുറന്നെങ്കിലും ഇവർ മാതാപിതാക്കളെ വീടിനുള്ളിൽ കയറ്റാൻ തയ്യാറായില്ല. പിന്നീട് അയിരൂർ പൊലീസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും മകൾ വഴങ്ങിയില്ല. ഇതിന് പിന്നാലെ സദാശിവനേയും സുഷമയേയും പൊലീസ് ഇടപെട്ട് ഒരു ബന്ധുവീട്ടിലേക്ക് മാറ്റി
തുടർന്ന് അയിരൂർ പൊലീസ് മകൾ സിജിക്കും ഭർത്താവിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പായിരുന്നു ഇവർക്കെതിരെ ചുമത്തിയത്.
ഇതിനിടെ മകൾക്ക് തങ്ങൾ 35 ലക്ഷം രൂപ നൽകിയിരുന്നുവെന്നും അത് ഉപയോഗിച്ച് നിർമിച്ച വീട്ടിൽ നിന്നാണ് തങ്ങളെ പുറത്താക്കിയതെന്നും വൃദ്ധദമ്പതികൾ പ്രതികരിച്ചു. ഇന്നലെ രാത്രി ഇരുവരും ബന്ധുവീട്ടിലായിരുന്നു കഴിഞ്ഞത്.
ഇന്ന് വൈകിട്ടോടെയാണ് മകൻ ബന്ധുവീട്ടിൽ എത്തി താക്കോൽ നൽകിയത്. ഇരുവരും തിരികെ വീട്ടിൽ എത്തിയപ്പോൾ സിജിയും കുടുംബവും ഉണ്ടായിരുന്നില്ല. അവർ തൊട്ടടുത്ത് വാടക വീട്ടിലേക്ക് താമസം മാറ്റിയെന്ന് പൊലീസ് പറഞ്ഞു.