തിരുവനന്തപുരം ∙ ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടര വയസ്സുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതു സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ദേവസ്വം ബോർഡിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയിലാണ് അറസ്റ്റ്. ദേവസ്വം ബോർഡ് സെക്ഷൻ ഓഫിസർ എന്ന പേരിൽ ഷിജു എന്നയാൾക്ക് നിയമന ഉത്തരവ് കൈമാറി 10 ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത്. ശ്രീതുവിന്റെ പേരിൽ പത്തു പരാതികളാണ് പൊലീസിന് കിട്ടിയത്. മറ്റു പരാതികളിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രദേശത്തെ സ്‌കൂളിലെ പിടിഎ അംഗങ്ങൾ ഉൾപ്പെടെ ശ്രീതുവിന്റെ കെണിയിൽപെട്ടതായാണ് പൊലീസ് നൽകുന്ന വിവരം. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്. ഈ പണമെല്ലാം വീടുവച്ചു നൽകാനായി ജ്യോത്സ്യൻ ദേവീദാസന് കൈമാറിയെന്നാണ് ശ്രീതു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ശ്രീതുവിനെതിരെ ദേവീദാസനും പൊലീസിനു മൊഴി നൽകി. ആറേഴു മാസം മുൻപ് അവസാനമായി കാണുമ്പോൾ ഒപ്പമുണ്ടായിരുന്ന ഒരു പുരുഷനെ രണ്ടാം ഭർത്താവെന്നു പറഞ്ഞാണ് ശ്രീതു പരിചയപ്പെടുത്തിയത്. ആദ്യ ഭർത്താവുമായി പിരിഞ്ഞോ എന്ന ചോദ്യത്തിന് ഇല്ലെന്നും മറുപടി നൽകി.