കോഴിക്കോട്∙ അടയ്ക്ക പറിക്കാൻ മെഷീൻ ഉപയോഗിച്ച് കവുങ്ങില്‍ കയറിയ വയോധികൻ തലകീഴായി കുടുങ്ങി. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തി. ചങ്ങരോത്ത് തെക്കേടത്ത് കടവിനടുത്ത് പുറവൂരിൽ സ്വന്തം തോട്ടത്തിലെ കവുങ്ങില്‍ അടയ്ക്ക പറിക്കാൻ കയറിയ അമ്മദ് ഹാജി (60) ആണ് കുടുങ്ങിയത്. മെഷീൻ ഉപയോഗിച്ച് അടയ്ക്ക പറിക്കുന്നതിനിടെ മെഷീനിൽ കാൽ കുടുങ്ങി തലകീഴായി തൂങ്ങിനിൽക്കുകയായിരുന്നു. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. അമ്മദ് ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കവുങ്ങിൽ കൂടുതൽ രക്ഷാപ്രവർത്തകർക്ക് കയറാനാകാത്തതിനാൻ സമീപത്തെ ഒരു കവുങ്ങിനെ കൂട്ടി കെട്ടി അതിൽ ലാഡർ സെറ്റ് ചെയ്ത ശേഷം സമീപത്തെ തേക്ക്, മാവ് എന്നീ മരങ്ങളിൽ രക്ഷാനെറ്റിന്റെ കയർ കപ്പികളിൽ സെറ്റ് ചെയ്താണ് അമ്മദ് ഹാജിയെ താഴെയിറക്കിയത്. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ എം.പ്രദീപൻ, പി.സി.പ്രേമൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആന്‍ഡ് റെസ്ക്യൂ ഓഫിസർമാരായ കെ.ശ്രീകാന്ത്, ജി.ബി.സനൽരാജ്, വി.വിനീത്, പി.പി.രജീഷ്, ആർ.ജിനേഷ്, എസ്.എസ്.ഹൃതിൻ, ഹോം ഗാർഡുമാരായ വി.കെ.ബാബു, പി.മുരളീധരൻ, വി.എൻ.വിജേഷ്, അഗ്നിരക്ഷാസേനയുടെ വൊളന്റിയർ പരിശീലനം ലഭിച്ച കെ.ഡി.റിജേഷ്, നാഗത്ത് കടിയങ്ങാട്, നാട്ടുകാരായ മുനീർ മലയില്‍, റിയാസ് നാഗത്ത് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.