കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷം ഹജ്ജിന് പോകുന്നവരുടെ പാസ്പോര്ട്ടുകള് സ്വീകരിച്ചുതുടങ്ങി. ഫെബ്രുവരി 18 വരെയാണ് തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ക്ക് പാസ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസരം.
കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസില്‍ നടന്ന ചടങ്ങില്‍ ആദ്യ പാസ്പോര്‍ട്ട് വള്ളിക്കുന്ന് മൂന്നിയൂര്‍ സൗത്തിലെ തീര്ഥാടകന് അലിയില്‍നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് ഡോ. ഹുസൈന് സഖാഫി ചുള്ളിക്കോട് സ്വീകരിച്ചു. കരിപ്പൂര്‍ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറ റീജനല്‍ ഓഫിസിലും പ്രവൃത്തിദിനങ്ങളില്‍ പാസ്പോര്‍ട്ട് സ്വീകരിക്കും.
തീര്ഥാടകസൗഹൃദ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഇതിനു പുറമെ കൊച്ചിയിലും കണ്ണൂരിലും ക്യാമ്പ് ചെയ്തും പാസ്പോര്ട്ടുകള് സ്വീകരിക്കാൻ അവസരം ഒരുക്കും. ഈ കേന്ദ്രങ്ങളില്‍ പാസ്പോര്‍ട്ട് ക്യാമ്പ് നടക്കുന്ന തീയതി തീര്‍ഥാടകരെ പിന്നീടറിയിക്കും. ഫെബ്രുവരി 18നകം പാസ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് പ്രവാസികള്‍ക്ക് ബാധകമാകില്ലെന്നും പ്രവാസികള്‍ക്ക് ഹജ്ജ് കമ്മിറ്റിയില്‍ പ്രത്യേക അപേക്ഷ നല്കി സമര്‍പ്പണ തീയതി നീട്ടിവാങ്ങാവുന്നതാണെന്നും ചെയര്മാന് പറഞ്ഞു.