മൂലമറ്റം: കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് കേടായ പന്നിമാംസമെന്ന പേരിൽ പായയിൽ പൊതിഞ്ഞ് റോഡരികിൽ തള്ളി. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് മേലുകാവ് എരുമാപ്ര പാറശ്ശേരിയിൽ സാജൻ സാമുവലിന്‍റെ (47) മൃതദേഹം മൂലമറ്റം കെ.എസ്.ഇ.ബി കോളനിക്കുസമീപം തേക്കിൻകൂപ്പിലെ കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ട്. മുഖത്തും ശരീരഭാഗത്തും പുഴുവരിച്ചിട്ടുണ്ട്. ഇടതുകൈ മുട്ടുമുതൽ അറ്റ നിലയിലായിരുന്നു. തലയുടെ വലതുവശത്തും ഉച്ചിയിലും ആഴത്തിലുള്ള മുറിവുണ്ട്.
സാജൻ സാമുവലിനെ കാണാനില്ലെന്ന് മേലുകാവ് പൊലീസ് സ്റ്റേഷനിൽ മാതാവ് കഴിഞ്ഞദിവസം പരാതി നൽകിയിരുന്നു. ഇതനുസരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ മൃതദേഹം തേക്കിൻകൂപ്പിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി നിർണായകമായി. ജനുവരി 30ന് രാത്രി എരുമാപ്രയിൽനിന്ന് കേടായ പന്നിമാംസമെന്ന് പറഞ്ഞ് തുണിയിൽ പൊതിഞ്ഞ നിലയിലാണ് മൃതദേഹം തേക്കിൻകൂപ്പിലെ ട്രാൻസ്‌ഫോർമറിനുസമീപം ഇറക്കിയത്. ഇതിൽ സംശയം തോന്നിയ ഓട്ടോറിക്ഷ ഡ്രൈവർ വിവരം തന്‍റെ പിതാവിനോട് പറഞ്ഞു. പിതാവ് സംഭവം കാഞ്ഞാർ എസ്.ഐ ബൈജു പി. ബാബുവിനെ അറിയിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഇവിടെ കുഴിച്ചിടാനായി കുഴിയെടുക്കാൻ ശ്രമം നടത്തിയതായും സൂചനയുണ്ട്. മൃതദേഹം ബന്ധുക്കളെത്തിയാണ് തിരിച്ചറിഞ്ഞത്.
ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ, കാഞ്ഞാർ എസ്.എച്ച്.ഒ ശ്യാംകുമാർ, കാഞ്ഞാർ എസ്.ഐ ബൈജു പി. ബാബു തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി