മുക്കം :മുക്കത്ത് പീഡനശ്രമം ചെറുത്ത യുവതി ഹോട്ടലിൽനിന്ന് ചാടിയ സംഭവത്തിൽ ഞെട്ടിക്കുന്ന ഡിജിറ്റൽ തെളിവുകളാണ് പുറത്തുവരുന്നത്. എന്നെ ഒന്നും ചെയ്യല്ലേ എന്നു പറഞ്ഞ് അലറിവിളിക്കുന്ന യുവതിയുടെ വിഡിയോ പുറത്ത്. ഫോണിൽ ഗെയിം കളിക്കുമ്പോഴാണ് യുവതി അതിക്രമത്തിനിരയായത്. അതേ ഫോണിൽ പകർത്തിയ വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. യുവതി നിലവിളിക്കുന്നതും യുവതിയോട് ഒച്ചയുണ്ടാക്കരുത് എന്നുപറയുന്നതും വിഡിയോയിൽ വ്യക്തമാണ്.
മുക്കം മാമ്പറ്റയിലുള്ള ഹോട്ടലിലെ ജീവനക്കാരിയാണ് യുവതി. മുൻപും യുവതിയോട് ഹോട്ടലുടമ മോശമായി പെരുമാറാൻ ശ്രമിച്ചതിനും മോശം സന്ദേശങ്ങൾ അയച്ചതിനുമുള്ള
തെളിവുകൾ ബന്ധുക്കളുടെ പക്കലുണ്ട്. ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ അടക്കം കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് കുടുംബം പറയുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ സുരേഷ്, റിയാസ് എന്നിവർ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം മുക്കം പൊലീസ് ഊർജിതമാക്കി.
ശനിയാഴ്ചയാണ് താമസസ്‌ഥലത്ത്
അതിക്രമിച്ചെത്തി ഹോട്ടൽ ഉടമയും ഹോട്ടലിലെ ജീവനക്കാരും അടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്.
പ്രാണരക്ഷാർഥമാണ് യുവതി കെട്ടിടത്തിൽ നിന്ന് ചാടിയതെന്നും ബന്ധു പറഞ്ഞിരുന്നു. ആദ്യം മോശമായ സന്ദേശങ്ങൾ അയച്ചു. പിന്നീടത് ഭീഷണി സന്ദേശങ്ങളായെന്നും ബന്ധു പറഞ്ഞു. കേസിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും.
നട്ടെല്ലിനും ഇടുപ്പെലിനും പരുക്കേറ്റ യുവതിയുടെ
നില ഗുരുതരമായി തുടരുകയാണ്. പൊലീസ് വേണ്ടവിധത്തിൽ കേസ് അന്വേഷിച്ചില്ല എന്ന ആരോപണവും
ബന്ധുക്കൾ ഉന്നയിക്കുന്നുണ്ട്.