ന്യൂഡല്‍ഹി: എടിഎമ്മുകളിലെ സൗജന്യ ഇടപാടിനുള്ള പ്രതിമാസ പരിധി കഴിഞ്ഞാല്‍ ഈടാക്കുന്ന നിരക്ക് 22 രൂപയായി കൂട്ടാന്‍ ശുപാര്‍ശ. നിലവില്‍ 21 രൂപയാണ്. ഓരോ മാസവും സ്വന്തം ബാങ്കിന്റെ എടിഎമ്മുകളില്‍ 5 ഇടപാടുകള്‍ സൗജന്യമാണ്. മറ്റു ബാങ്കുകളുടെ പ്രതിമാസ എടിഎം ഉപയോഗം മെട്രോ നഗരങ്ങളില്‍ മൂന്നെണ്ണവും മെട്രോ ഇതര നഗരങ്ങളില്‍ അഞ്ചെണ്ണവുമാണ് സൗജന്യം. സൗജന്യ ഇടപാടിന് ശേഷമുള്ള ഓരോ ഇടപാടിനും 22 രൂപ ഈടാക്കാന്‍ റിസര്‍വ് ബാങ്കിനോടു നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ട്.
ഇതിനു പുറമേ, മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോഴുള്ള ഇന്റര്‍ചേഞ്ച് ചാര്‍ജ് 17 രൂപയില്‍നിന്നു 19 രൂപയാക്കാനും നാഷനല്‍ പേയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പണമിടപാടുകള്‍ക്കാണ് നിലവില്‍ 17 രൂപ ഈടാക്കുന്നത്. പണരഹിത ഇടപാടുകളുടെ നിരക്ക് 6 ല്‍ നിന്ന് 7 ആയി ഉയര്‍ത്താനും ശുപാര്‍ശ ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
എടിഎം സേവനങ്ങള്‍ ഉപയോഗിക്കുന്നതിന് ഒരു ബാങ്ക് മറ്റൊരു ബാങ്കിന് നല്‍കുന്ന ചാര്‍ജാണ് എടിഎം ഇന്റര്‍ചേഞ്ച് ഫീസ്. ഇത് പലപ്പോഴും ഉപഭോക്താവിന്റെ ബില്ലിനൊപ്പം ചേര്‍ക്കുന്നുണ്ട്.