കോഴിക്കോട് ∙ മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതും ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതും വനം വകുപ്പിന്റെ മാത്രം ബാധ്യതയാകുന്നത് അവസാനിക്കുന്നു. റവന്യു– കൃഷി– തദ്ദേശ– മൃഗസംരക്ഷണ വകുപ്പുകളെ കൂടി സംയോജിപ്പിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതോടൊപ്പം നഷ്ടപരിഹാര തുക വർധിപ്പിക്കാൻ വനം വകുപ്പ് ശുപാർശ ചെയ്തെങ്കിലും ധനവകുപ്പിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല.
വന്യമൃഗ ആക്രമണം ഏറ്റവും കൂടുതലുള്ള മേഖലകൾ കണ്ടെത്തി, അതതിടത്തെ പ്രത്യേകതകൾ കൂടി കണക്കിലെടുത്ത് പരിഹാര നടപടി എടുക്കാനാണു തീരുമാനം. ഇത്തരത്തിൽ സംസ്ഥാനത്ത് 2 നഗരസഭകളും 7 പഞ്ചായത്തുകളും ‘രൂക്ഷമായ പ്രശ്നങ്ങൾ’ ഉള്ള പ്രദേശങ്ങളായും 21 പഞ്ചായത്തുകൾ ‘പ്രശ്നങ്ങളുള്ള’ ഇടങ്ങളായും കണ്ടെത്തിയിട്ടുണ്ട്.
ഭൂമിയുടെ സാങ്കേതിക കാര്യങ്ങളിലും അടിക്കാട് തെളിക്കാൻ ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും റവന്യു വകുപ്പിനായിരിക്കും ചുമതല. കൃഷിനാശം കണക്കാക്കി അതിനുള്ള നഷ്ടപരിഹാരം കൃഷി വകുപ്പും വളർത്തുമൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം മൃഗസംരക്ഷണ വകുപ്പും നൽകണം.
ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച്, സാങ്കേതിക പ്രശ്നങ്ങൾ ഇല്ലാതെ നഷ്ടപരിഹാരം നൽകേണ്ട ചുമതല ദുരന്തനിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ)ക്ക് ആയിരിക്കും.
വന്യമൃഗ ആക്രമണം: പ്രശ്നങ്ങളുള്ള ഇടങ്ങൾ
അഗളി, ആര്യങ്കാവ്, അയ്യമ്പുഴ, ചിന്നക്കനാൽ, കാന്തല്ലൂർ, കേളകം, കൊടശ്ശേരി, കൂവപ്പാടി, കോട്ടപ്പടി, കൊട്ടിയൂർ, കുളത്തൂപ്പുഴ, മീനങ്ങാടി, മുള്ളൻകൊല്ലി, പയ്യാവൂർ, പെരിങ്ങമ്മല, പിണ്ടിമന, പൂതാടി, പുൽപള്ളി, ഷോളയാർ, വെള്ളമുണ്ട, വെങ്ങൂർ പഞ്ചായത്തുകൾ.