മുക്കം:മുക്കത്ത് പീഡന ശ്രമം ചെറുത്ത, യുവതി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ സംഭവത്തിൽ കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്.
സുരേഷ്, റിയാസ് എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു. കുന്ദംകുളത്ത് വെച്ച് പിടിയിലായ ഒന്നാം പ്രതി ദേവദാസിനെ കോടതി റിമാൻ്റ് ചെയ്തു.
അറസ്റ്റിലായ ഹോട്ടലുടമയും ഒന്നാം പ്രതിയുമായ ദേവദാസിൽ നിന്ന് കൂട്ടു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. സുരേഷ്, റിയാസ് എന്നിവരെ വൈകാതെ പിടികൂടാമെന്ന കണക്കുകൂട്ടലിലാണ് മുക്കം പോലീസ്. ഇവർക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു.
പ്രതികൾക്കെതിരെ ഡിജിറ്റൽ തെളിവുകൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. കുന്ദംകുളത്ത് വെച്ച് പിടിയിലായ ഒന്നാം പ്രതി ദേവദാസിനെ കോടതി റിമാൻ്റ് ചെയ്തു. അതിക്രമം നടന്ന സ്ഥലത്ത് എത്തിച്ച് ദേവദാസിൻ്റെ തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. അഭിഭാഷകനെ കാണാനായി കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ്, ദേവദാസിനെ മുക്കം പോലീസ് കുന്ദംകുളത്ത് വെച്ച് പിടികൂടിയത്.
പ്രതി സ്വന്തം വാഹനം കോഴിക്കോട് ഉപേക്ഷിച്ച ബസിൽ യാത്ര ചെയ്യവെയാണ് കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യം തേടുകയായിരുന്നു ദേവദാസിന്റെ ലക്ഷ്യമെന്ന് പോലീസ് അറിയിച്ചു. കേസിൽ യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിച്ചു.