കോഴിക്കോട്: സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വിവാദപരാമർശം നടത്തിയെന്ന ആരോപണത്തിൽ മുശാവറ അംഗം മുസ്തഫൽ ഫൈസിയെ സമസ്ത സസ്പെന്ഡ് ചെയ്തു. വ്യാഴാഴ്ച കോഴിക്കോട്ട് ചേർന്ന പ്രത്യേക മുശാവറ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞദിവസം മലപ്പുറത്ത് ലീഗ് അനുകൂലികൾ നടത്തിയ നവോത്ഥാന സമ്മേളനത്തിൽ മുസ്തഫൽ ഫൈസിയുടെ പ്രസംഗം വിവാദമായിരുന്നു. ലീഗിനെ പുകഴ്ത്തിയുള്ള പ്രസംഗത്തിൽ മുസ്തഫൽ ഫൈസി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെയാണ് ലക്ഷ്യംവെച്ചതെന്നാണ് ആരോപണം. വിശദീകരണം ചോദിക്കാതെയുള്ള ഏകപക്ഷീയ നടപടിയിൽ പ്രതിഷേധിച്ച് മുസ്തഫൽ ഫൈസി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
മുസ്തഫൽ ഫൈസിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് സമസ്തയുടെ 100ാം വാർഷിക ആഘോഷ സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽനിന്ന് സാദിഖലി തങ്ങൾ, ബഹാവുദ്ദീൻ നദ്വി കൂരിയാട് അടക്കമുള്ളവർ വിട്ടുനിന്നു. നടപടി വിവരം പുറത്തുവന്നതോടെ അബ്ബാസലി തങ്ങൾ, ഹമീദലി തങ്ങൾ, റഷീദലി തങ്ങൾ, എം.സി. മായിൻ ഹാജി, ഷാഫി ഹാജി, അബുസ്സമദ് പൂക്കോട്ടൂർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തില്ല. തുടർന്ന് ലീഗ് അനുകൂലികൾ ഭാവികാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി കോഴിക്കോട്ട് യോഗം ചേർന്നു.