മുക്കം: മലയോരത്തിന് ആഘോഷ നാളുകൾ സമ്മാനിക്കുന്ന "മുക്കം ഫെസ്റ്റ് 2025 " ന് വർണാഭമായ ഘോഷയാത്രയോടെ തുടക്കം. അഗസ്ത്യൻ മുഴി സ്റ്റേഡിയത്തിൽ ലിന്റോ ജോസഫ് എം. എൽ. എ ഫെസ്റ്റിന് ദീപം തെളിയിച്ചു. മുക്കം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയിൽ നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ബാന്റ് മേളം, പള്ളോട്ടി ഹിൽ സ്കൂൾ വിദ്യാർത്ഥികളുടെ സ്ക്കേറ്റിംഗ്, സൈക്കിൾ സവാരി, ഭരതനാട്യം, ചെണ്ട, കോൽക്കളി, കാവടിയാട്ടം, ഒപ്പന, കരാട്ടെ, കുങ്ഫു ,നാടൻ കലാരൂപങ്ങൾ എന്നിവ നിറഞ്ഞാടി. മുക്കം, തിരുവമ്പാടി, കൂടരഞ്ഞി കുടുംബശ്രീ സി. ഡി. എസുകൾ, മാമ്പറ്റ ഡോൺ ബോസ്കോ കോളേജ്, കാരശേരി വനിത സഹകരണ സംഘം, മുക്കം ഇ. എം. എസ് സഹകരണ ആശുപത്രി, മുക്കം സ്പോർട്സ് അക്കാഡമി, മുക്കം മാർഷ്യൽ ആർട്സ് അസോസിയേഷൻ എന്നിവയുടെ പ്രവർത്തകരും ജീവനക്കാരും പങ്കെടുത്തു. ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ ചെയർമാൻ പി. ടി. ബാബു അദ്ധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, കോഴിക്കോട് ജില്ല പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.ജമീല, അംഗം ബോസ് ജേക്കബ്, മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി. വിശ്വനാഥൻ, വി. കുഞ്ഞാലി, കെ. മോഹനൻ, ടി. എം. ജോസഫ്, അബ്ദുള്ള കുമാരനെല്ലൂർ, ഗോൾഡൻ ബഷീർ, അഡ്വ.കെ. പി ചാന്ദ്നി, ഇളമന ഹരിദാസ്, കെ.ടി.നളേശൻ, സി.ടി. ജയപ്രകാശ്, കെ.ഷാജികുമാർ എന്നിവർ പങ്കെടുത്തു. വി.കെ.വിനോദ് സ്വാഗതവും ടി. പി. രാജീവ് നന്ദിയും പറഞ്ഞു