ജിദ്ദ: സൗദിയിലേക്കു ഒരേ സന്ദർശന വിസയിൽ ഒന്നിലധികം തവണ പ്രവേശിക്കാൻ സാധിക്കുന്ന മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ് വിസകൾ താൽക്കാലികമായി നിര്‍ത്തി. എന്നാൽ ഒരു തവണ ഇഷ്യൂ ചെയ്തു ഒറ്റത്തവണ മാത്രം രാജ്യത്തേക്ക് പ്രവേശിച്ചാൽ കാലാവധി തീരുന്ന സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസകൾക്ക് നിലവിൽ നിയന്ത്രണമില്ല. ദീർഘകാല സന്ദർശന വിസകൾ വഴി രാജ്യത്ത് പ്രവേശിക്കുന്ന അനധികൃത ഹജ്ജ് തീർഥാടകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം എന്നാണ് അനൗദ്യോഗികമായി അറിയുന്നത്.
ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ജോര്‍ദാന്‍, സുഡാന്‍, അൾജീരിയ, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ, യെമൻ എന്നീ 14 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് നിയന്ത്രണം. സന്ദർശക വിസയ്ക്ക് പുറമെ മള്‍ട്ടിപ്ള്‍ എന്‍ട്രി ടൂറിസം, ബിസിനസ്സ് വിസകളും നിർത്തിവെച്ചിട്ടുണ്ട്. മൂന്ന് മാസത്തേക്ക് ഒന്നിച്ചു സൗദിയില്‍ താമസിക്കാവുന്ന ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്ള്‍ എന്‍ട്രി വിസകൾക്കാണ് നിയന്ത്രണം. ഈ മാസം ഒന്നാം തീയതി മുതൽ നിബന്ധന ബാധകമാക്കിയിട്ടുണ്ട്