ഡെറാഡൂണ്‍: ദേശീയ ഗെയിംസ് പുരുഷ ഫുട്‌ബോളില്‍ കേരളം ചാംപ്യന്മാര്‍. ഫൈനലില്‍ ഉത്തരാഖണ്ഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കേരളം സ്വര്‍ണം നേടിയത്. 53ാം മിനിറ്റില്‍ എസ് ഗോകുല്‍ ആണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാം സ്വര്‍ണ നേട്ടമാണിത്.
28 വര്‍ഷത്തിന് ശേഷമാണ് കേരളം ദേശീയ ഗെയിംസില്‍ പുരുഷ ഫുട്‌ബോളില്‍ സ്വര്‍ണം നേടുന്നത്. ആദ്യ പകുതിയില്‍ തന്നെ കേരളം നിരവധി ഗോള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഉത്തരാഖണ്ഡ് ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു. രണ്ടാം പകുതിയില്‍ ആദില്‍ കൊടുത്ത പാസിലാണ് ഗോകുല്‍ ലക്ഷ്യം കണ്ടത്.
മത്സരത്തിന്റെ 76–ാം മിനിറ്റിൽ കേരളത്തിന്റെ സഫ്‍വാൻ ചുവപ്പു കാർഡ് കണ്ടു പുറത്തായി. ഉത്തരാഖണ്ഡ് താരത്തെ ഫൗൾ ചെയ്തതിനാണ് നടപടി. കേരള താരങ്ങൾ പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനം മാറ്റിയില്ല. പത്തു പേരായി ചുരുങ്ങിയിട്ടും കേരളം ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നാണ് കിരീടം സ്വന്തമാക്കിയത്. 1997-ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയത്. 2022-ല്‍ വെള്ളിയും കഴിഞ്ഞതവണ വെങ്കലവും നേടിയിരുന്നു.