വാഷിംഗ്ടണ്‍ – വെടിനിര്‍ത്തല്‍ കരാര്‍ വ്യവസ്ഥകള്‍ ഇസ്രായില്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിൽ പ്രതിഷേധിച്ച് ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നത് നിര്‍ത്തിവെച്ചെന്ന ഹമാസിന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഹമാസിനെ ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രായിലി ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്ന ഹമാസിന്റെ ഭീഷണിയെ ഭയാനകമെന്ന് വിശേഷിപ്പിച്ച ട്രംപ്, ശനിയാഴ്ച ഉച്ചയോടെ മുഴുവന്‍ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ ഹമാസ് യഥാര്‍ഥ നരകം കാണുമെന്ന് ഭീഷണി മുഴക്കി.
അടുത്ത ശനിയാഴ്ച ഉച്ചക്കകം ഹമാസ് മുഴുവന്‍ ബന്ദികളെയും വിട്ടയച്ചില്ലെങ്കില്‍ ജനുവരി 19 മുതല്‍ ഗാസയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ റദ്ദാക്കണമെന്ന് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ട്രംപ് നിര്‍ദേശിച്ചു. തങ്ങള്‍ക്കും ഹമാസിനും ഇടയിലുള്ള ദുര്‍ബലമായ വെടിനിര്‍ത്തലിന് എന്ത് സംഭവിക്കണമെന്ന് തീരുമാനിക്കാന്‍ ഈ വിഷയം ഇസ്രായിലിന് വിടുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളില്‍ എല്ലാ ബന്ദികളെയും തിരിച്ചെത്തിച്ചില്ലെങ്കില്‍ – അതൊരു ന്യായമായ സമയപരിധിയാണെന്ന് ഞാന്‍ കരുതുന്നു – വെടിനിര്‍ത്തല്‍ റദ്ദാക്കാനും എല്ലാ നരകയാതനകളും അഴിച്ചുവിടാനും ഞാന്‍ ആവശ്യപ്പെടുന്നു – ട്രംപ് പറഞ്ഞു.
ഹമാസ് ഇപ്പോഴും ഗാസയില്‍ തടവില്‍ വച്ചിരിക്കുന്ന മുഴുവന്‍ ഇസ്രായിലി ബന്ദികളെയും ബാച്ചുകളായിട്ടല്ല, ഉടന്‍ ഒറ്റയടിക്ക് വിട്ടയക്കണം. രണ്ടും ഒന്നും മൂന്നും നാലും രണ്ടും ബന്ദികളെ വീതമല്ല വിട്ടയക്കേണ്ടത്. ഞങ്ങള്‍ക്ക് അവരെയെല്ലാം തിരികെ വേണം. എനിക്ക് പ്രാധാന്യമുള്ള കാര്യങ്ങളെ കുറിച്ച് ഞാന്‍ സംസാരിക്കുന്നു. ഇസ്രായിലിന് വേണമെങ്കില്‍ ഇക്കാര്യം അവഗണിക്കാവുന്നതാണ്. പക്ഷേ, എന്നെ സംബന്ധിച്ചേടത്തോളം, ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ബന്ദികള്‍ ഇവിടെ ഇല്ലെങ്കില്‍ നരകത്തിന്റെ വാതിലുകള്‍ തുറക്കും.
താന്‍ ഇപ്പോള്‍ പറഞ്ഞ ഈ സമയപരിധിയെ കുറിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിച്ചേക്കുമെന്ന് ട്രംപ് പറഞ്ഞു. ഈ ഭീഷണി കൊണ്ട് എന്താണ് ഉദ്ദേശിച്ചതെന്ന് അമേരിക്കന്‍ പ്രസിഡന്റ് കൃത്യമായി വ്യക്തമാക്കിയില്ല. ഞാന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഹമാസിന് നേരില്‍ കാണാനാകുമെന്ന് ഇതിന് മറുപടിയായി ട്രംപ് പറഞ്ഞു. ഹമാസിനെതിരെ നേരിട്ടുള്ള സൈനിക ഇടപെടല്‍ അമേരിക്ക തള്ളിക്കളയുമോ എന്ന ചോദ്യത്തിന്, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം എന്ന് ട്രംപ് മറുപടി നല്‍കി.
ഫലസ്തീനികളെ സ്വീകരിക്കാന്‍ ഈജിപ്തും ജോര്‍ദാനും സമ്മതിച്ചില്ലെങ്കില്‍ അവര്‍ക്കുള്ള സഹായം നിര്‍ത്തലാക്കാനുള്ള സാധ്യതയെക്കുറിച്ചും ട്രംപ് സംസാരിച്ചു, ജോര്‍ദാന്‍ ഗാസയില്‍ നിന്നുള്ള അഭയാര്‍ഥികളെ സ്വീകരിക്കും എന്ന തന്റെ വിശ്വാസം അമേരിക്കന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചു. ഗാസയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് വികസനം നടപ്പാക്കുന്നതിന് ഗാസയിലെ മുഴുവന്‍ നിവാസികളെയും മാറ്റിപ്പാര്‍പ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയുള്ള അഭൂതപൂര്‍വമായ പദ്ധതിയാണ് ട്രംപ് നിര്‍ദേശിച്ചത്.
ട്രംപിന്റെ പദ്ധതി പ്രകാരം ഈജിപ്തും ജോര്‍ദാനും അടക്കമുള്ള രാജ്യങ്ങള്‍ ഗാസക്കാരെ സ്വീകരിക്കണം. എന്നാല്‍ ഈജിപ്ഷ്യന്‍ വിദേശ മന്ത്രി ബദര്‍ അബ്ദുല്‍ആതിയും അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോയും തമ്മില്‍ വാഷിംഗ്ടണില്‍ നടന്ന കൂടിക്കാഴ്ചക്കു പിന്നാലെ, സ്വയം നിര്‍ണയാവകാശം, ഭൂമിയില്‍ തുടരാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം എന്നിവ ഉള്‍പ്പെടെ ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് നിരാകരിക്കുക എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആവര്‍ത്തിച്ച് വ്യക്തമാക്കി.dd