തിരുവമ്പാടി: തിരുവമ്പാടിയിൽ വനം മന്ത്രിയെ പ്രതീകാത്മകമായി തടഞ്ഞ് കൂട്ടിലടച്ച് മുസ്‌ലിംലീഗിന്റെ വേറിട്ട പ്രതിഷേധം. വന്യജീവികളുടെ ആക്രമണം തുടർക്കഥയായിട്ടും തടയാൻ നടപടി സ്വീകരിക്കാത്ത സർക്കാറിൻ്റെയും വനം വകുപ്പിൻ്റെയും നിലപാടിനെതിരെ തിരുവമ്പാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയാണ് പ്രതിഷേധിച്ചത്. തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പുലി ഉൾപ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം പൊതുജനത്തെ ഭയപ്പെടുത്തുമ്പോഴും അനങ്ങാപ്പാറ നയമാണ് എം.എൽ.എയും വനം വകുപ്പും സർക്കാറും സ്വീകരിക്കുന്നത്. വന്യജീവി അക്രമം തടയുന്നതിന് സോളാർ ഫെൻസിംഗ്, കിടങ്ങ് നിർമ്മാണം, മതിൽ നിർമാണം തുടങ്ങിയ പദ്ധതികളൊന്നും നടപ്പിലാക്കാൻ സർക്കാർ തയ്യാറാകാത്തതാണ് വന്യജീവി ആക്രമണം രൂക്ഷമാക്കുന്നത്. ഇതിനെതിരെ മുസ്‌ലിം ലീഗ് ആരംഭിക്കുന്ന സമരപരിപാടികളുടെ ഭാഗമായാണ് തിരുവമ്പാടി ടൗണിൽ നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനംമന്ത്രിയെ പ്രതീകാത്മകമായി കൂട്ടിലടച്ചത്. കർഷക സംഘം മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി മന്ത്രിയായും എം.എസ്.എഫ് നേതാവ് അൻഫസ് ഗൺമാനായും വേഷമിട്ടു. പ്രതിഷേധത്തിന് ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികൾ നേതൃത്വം നൽകി.