ദുബായ്: ടീം ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിൽ. സെമിയിൽ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം. ഓസീസ് ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം 48.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ന്യൂസീലൻഡ് - ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനൽ വിജയികളെ ഞായറാഴ്ച്‌ച നടക്കുന്ന ഫൈനലിൽ ഇന്ത്യ നേരിടും.
ചേസ് മാസ്റ്റർ വിരാട് കോലി ഒരിക്കൽ കൂടി മത്സരങ്ങൾ പിന്തുടർന്ന് ജയിക്കുന്നതിലെ തന്റെ വൈദഗ്ധ്യം വെളിവാക്കിയ മത്സരത്തിൽ ശ്രേയസ് അയ്യർ, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളും നിർണായകമായി. 98 പന്തിൽ നിന്ന് അഞ്ച് ഫോറടക്കം 84 റൺസെടുത്ത കോലിയാണ് ടീം ഇന്ത്യയുടെ ടോപ് സ്കോറർ.
265 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യയ്ക്ക് അഞ്ചാം ഓവറിൽതന്നെ ശുഭ്‌മാൻ ഗില്ലിനെ (8) നഷ്ടമായി. ബെൻ ഡ്വാർഫ്യൂസ് ബൗൾഡാക്കുകയായിരുന്നു. അതേസമയം, ഒരറ്റത്ത് രോഹിത് അടിച്ചുകളിച്ചു. രണ്ടുതവണ ക്യാച്ചിൽനിന്ന് രക്ഷപ്പെട്ട രോഹിത്തിനെ പക്ഷേ എട്ടാം ഓവറിൽ കൂപ്പർ കൊന്നോലി വിക്കറ്റിനു മുന്നിൽ കുടുക്കി. 29 പന്തിൽനിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 28 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ചാണ് രോഹിത് മടങ്ങിയത്.
എന്നാൽ, മൂന്നാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോലി-ശ്രേയസ് അയ്യർ സഖ്യം നിലയുറപ്പിച്ച് മുന്നേറിയതോടെ ഇന്ത്യ കളി കൈയിലാക്കി. ഇരുവരും ചേർന്നെടുത്ത 91 റൺസ് വിജയത്തിൽ നിർണായകമായി. ഇതിനിടെ അർധസെഞ്ചുറിയിലേക്ക് മുന്നേറുകയായിരുന്ന അയ്യരെ മടക്കി ആദം സാംപ ഈ കൂട്ടുകെട്ട് പൊളിച്ചു. 62 പന്തിൽനിന്ന് മൂന്ന് ഫോറടക്കം 45 റൺസെടുത്താണ് അയ്യർ മടങ്ങിയത്.അയ്യർ പുറത്തായ ശേഷം അഞ്ചാമൻ അക്ഷർ പട്ടേലിനെ കൂട്ടുപിടിച്ച് കോലി ഇന്നിങ്സ് മുന്നോട്ടുനയിച്ചു. സ്കോർ 178-ൽ നിൽക്കേ അക്ഷറിനെ നഥാൻ എല്ലിസ് പുറത്താക്കി. 30 പന്തിൽ നിന്ന് 27 റൺസെടുത്ത അക്ഷർ, നാലാം വിക്കറ്റിൽ കോലിക്കൊപ്പം 44 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്.