മസ്കത്ത്: പെരുന്നാൾ അവധിക്കാലത്ത് ഉയർന്ന ടിക്കറ്റ് നിരക്കുമായി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി.
ചില വിമാന കമ്പനികൾ ഈ മാസം 18 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്.
ഈദുൽ ഫിത്ർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുണ്ടെന്നുമുള്ള കണക്കുകൂട്ടലിലുമാണ് വിമാന കമ്പനികൾ നിരക്കുകൾ കുത്തനെ ഉയർത്തുന്നത്.
അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ, എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്.
ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്. മറ്റു ലഗേജുകൾ അനുവദിക്കില്ല. ടിക്കറ്റ് മാറുമ്പോൾ പണം ഒന്നും തിരിച്ചുകിട്ടില്ല.
ഒമാൻ എയറിനും സൂപ്പർ സേവർ, കംഫർട്ട്, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴത്തുള്ള സൂപ്പർ സേവറിൽ ഏഴ് കിലോ കാബിൻ ബാഗേജ് മാത്രമാണ് അനുവദിക്കുക. ടിക്കറ്റ് മാറണമെങ്കിൽ 40 റിയാൽ നൽകേണ്ടി വരും.
സലാം എയറിലും ലൈറ്റ്, സേവർ, വാല്യു, ഫ്ലക്സി എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ലേറ്റ് വിഭാഗത്തിന് അഞ്ചു കിലോ ബാഗേജ് മാത്രമാണ് കൂടെ കൊണ്ടുപോവാൻ കഴിയുക. ഓൺലൈനിൽ ഒറ്റനോട്ടത്തിൽ നിരക്കുകൾ കാണിക്കുന്നത് ഏറ്റവും താഴത്തുള്ള വിഭാഗത്തിലായിരിക്കും.
എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 23 മുതൽ തന്നെ നിരക്കുകൾ വർധിപ്പിക്കുന്നുണ്ട്. ഏറ്റവും താഴ്ന്ന വിഭാഗത്തിൽ മാർച്ച് 21ന് 53 റിയാലാണ് നിരക്ക്. 28ന് നിരക്ക് 113 റിയാലായി ഉയരുന്നുണ്ട്. തിരുവനന്തപുരത്തേക്ക് 27ന് 145 റിയാലും 28ന് 123 റിയാലും 29ന് 145 റിയാലുമാണ് ഏറ്റവും കുറഞ്ഞ വിഭാഗത്തിലെ നിരക്ക്.
കണ്ണൂരിലേക്ക് താഴ്ന്ന നിരക്ക് വിഭാഗത്തിൽ 27, 28 തീയതികളിൽ 98 റിയാലും 29ന് 86 റിയാലുമാണ്. കൊച്ചിയിലേക്ക് 27, 28 തീയതികളിൽ 98 റിയാലാണ് അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിലെ നിരക്ക്.
ഒമാൻ എയറിന്റെ ഏഴു കിലോ ലഗേജ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ നിരക്കുകൾ 27ന് 106 റിയാലായി ഉയരുന്നുണ്ട്. 28ന് 127 റിയാലാണ് നിരക്ക്. സലാം എയറിന്റെ അഞ്ച് കിലോ ഹാൻഡ് ബാഗ് മാത്രം കൊണ്ടുപോവാൻ കഴിയുന്ന വിഭാഗത്തിൽ 27ന് 115 റിയാലാണ് നിരക്ക്.
28ന് 93 റിയാൽ നൽകേണ്ടി വരും. മറ്റ് ഉയർന്ന വിഭാഗങ്ങളിൽ കൂടിയ നിരക്കുകളാണ് വിമാന കമ്പനികൾ ഈടാക്കുന്നത്.