കോഴിക്കോട് : വേനലവധി അടുത്തതോടെ ബീച്ചുകളിൽ സുരക്ഷ ശക്തമാക്കാൻ വിനോദ സഞ്ചാര വകുപ്പ് . റംസാൻ മാസമായതിനാൽ വെെകുന്നേരങ്ങളിൽ നോമ്പ് തുറക്കാനുൾപ്പെടെ നല്ല തിരക്കാണ് ബീച്ചിൽ അനുഭവപ്പെടുന്നത്. സ്കൂളുകൾ അടക്കുന്നതോടെ തിരക്കുകൂടാനുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കാൻ വിനോദ സഞ്ചാര വകുപ്പും ഡി.ടി.പി.സി യും തീരുമാനിച്ചിരിക്കുന്നത്. തിരയിൽ ഇറങ്ങിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരും. വിനോദ സഞ്ചാരികളെ ലക്ഷ്യമാക്കി എത്തുന്ന ലഹരി സംഘങ്ങൾക്ക് മുക്കുകയറിടും. ജില്ലയിലെ ബീച്ചുകളിൽ കൂടുതൽ ലെെഫ് ഗാർഡുമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിനോദ സഞ്ചാര വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
ബേപ്പൂർ, കോഴിക്കോട് സൗത്ത് ബീച്ച്, കാപ്പാട്, വടകര സാന്റ് ബാങ്ക്സ് എന്നിവിടങ്ങളിലാണ് ലെെഫ് ഗാർഡുമാരുടെ സേവനം ലഭിക്കുന്നത്. ജില്ലയിൽ വിനോദ സഞ്ചാര വകുപ്പിന് കീഴിൽ 12 ലെെഫ് ഗാർഡുമാരാണ് പ്രവർത്തിക്കുന്നത്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ബീച്ചുകളുടെ മുഖം മിനുക്കുമ്പോഴും ആവശ്യത്തിന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്ന വിമർശനമുണ്ട്