മലപ്പുറം :മലപ്പുറത്ത് ലഹരി സംഘത്തെ പിടികൂടിയ ക്ലബ്ബ് അംഗങ്ങൾക്ക് ഭീഷണി. തുവ്വൂരിലെ ഗ്യാലക്‌സി ക്ലബ്ബ് അംഗങ്ങൾക്ക് നേരെയാണ് ലഹരി സംഘത്തിന്റെ കൊലവിളി.
പഞ്ഞിക്കിടുമെന്നും കൊല്ലനറിയാമെന്നും ലഹരി സംഘം ഭീഷണി മുഴക്കി. കഴിഞ്ഞ ദിവസമാണ് മലപ്പുറം തുവ്വൂരിൽ കഞ്ചാവുമായി മൂന്നംഗ സംഘത്തെ ക്ലബ്ബ് അംഗങ്ങൾ പിടികൂടിയത്.
ഷെഫീഖ്, അജ്മൽ, ഇബ്രാഹിം എന്നിവരായിരുന്നു പിടിയിലായത്. ഇതിന് ശേഷം സംഘത്തെ ക്ലബ്ബ് അംഗങ്ങൾ പൊലീസിൽ ഏൽപിക്കുകയും ചെയ്‌തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു പ്രതികളിൽ ഒരാൾ ക്ലബ്ബ് അംഗങ്ങളിൽ ഓരാളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
'നിന്റെ കഷ്ടകാലം തുടങ്ങിയെന്നും ഈ പറയുന്നത് റെക്കോർഡ് ചെയ്ത് വെച്ചോ' എന്നും ഇയാൾ ഭീഷണി മുഴക്കി. തുവ്വൂരിൽ നിനക്ക് എന്ത് അവാർഡ് കിട്ടിയാലും പഞ്ഞിക്കിടും. വീട്ടിൽ കയറി തല്ലും. കൊല്ലാൻ അറിയാം.
ഭാര്യ സൗദിയിലാണെന്ന് അറിയാമെന്നും അവരെ അവിടെ നിന്ന് പൊക്കാനുള്ള വഴിയുണ്ടെന്നും ഇയാൾ പറയുന്നു. ഫോൺ സംഭാഷണത്തിലുടനീളം ഭീഷണിക്ക് പുറമേ അസഭ്യവാക്കുകളും ഇയാൾ ഉപയോഗിക്കുന്നുണ്ട്.