മലപ്പുറം: മൈസൂരുവിലെ പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫിനെ നിലമ്പൂരിൽ വെച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി ഷൈബിൻ അഷ്റഫിന് 11 വർഷവും 9 മാസവും തടവ് ശിക്ഷ വിധിച്ച് മഞ്ചേരി അഡീഷണൽ ജില്ലാ കോടതി. രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വർഷവും 9 മാസവും ആറാം പ്രതിക്ക് മൂന്ന് വർഷവും 9 മാസവും തടവുമാണ് ശിക്ഷ. മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി നേരത്തെ കണ്ടെത്തിയിരുന്നുകേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു. 2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാൻ വേണ്ടി നിലമ്പൂർ മുക്കട്ടയിലെ ഷൈബിൻ അഷ്റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു. ഒരു വർഷത്തിലധികം മുക്കട്ടയിലെ വീട്ടിൽ തടവിൽ പാർപ്പിച്ചു. 2020 ഒക്ടോബറിൽ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറിൽ ഒഴുക്കിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോൺട്രിയോ ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞതാണ് കേസിന് ബലമായത്. കേസിൽ മാപ്പുസാക്ഷിയായഏഴാം പ്രതിയായിരുന്ന ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്റെ സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് സഹായകമായി. കേസിന്റെ വിചാരണ നടക്കുമ്പോൾ തന്നെ മുൻപ് വിദേശത്ത് നടന്ന രണ്ട് കൊലപാതകങ്ങൾ ഷെബിൻ അഷ്റഫിന്റെ നിർദ്ദേശപ്രകാരമായിരുന്നുവെന്ന വിവരവും തെളിവുകളും പുറത്തു വന്നിരുന്നു.