കോഴിക്കോട് :കാപ്പ വകുപ്പ് ചുമത്തി നാടുകടത്തിയ യുവാവ് ജില്ലയിൽ തിരിച്ചെത്തിയതിനെ തുടർന്ന് പൊലീസ് പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മാവൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ താമസിച്ചിരുന്ന ഷിബിൻ ലാലിനെയാണ് (ജിബ്രൂട്ടൻ) കുന്നമംഗലം പൊലീസ് പിടികൂടിയത്.ഇയാൾ കോഴിക്കോട് പാളയം ബസ് സ്റ്റാന്റിലും മൊഫ്യൂസിൽ ബസ് സ്റ്റാന്റിലും മാവൂരിലും പരിസര പ്രദേശങ്ങളിലും വന്നു പോയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നിരീക്ഷണം നടത്തിവരുന്നതിനിടയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നാട്ടിലെത്തിയ ഇയാൾ രാത്രി കാലങ്ങളിൽ മാവൂരിലും തെങ്ങിലക്കടവിലും പെട്രോൾ പമ്പുകളിൽ നിർത്തിയിട്ടിരുന്ന ബസ്സുകളിലാണ് കിടന്നുറങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം ഷിബിൻ ലാൽ പാളയം ബസ് സ്റ്റാൻ്റിൽ നിന്ന് മുക്കം ഭാഗത്തേക്ക് പുറപ്പെട്ട മുബാറക് ബസ്സിൽ കയറിയതായി പൊലീസ് സ്ഥിരീകരിച്ചു. ബസ്സിനെ പിന്തുടർന്ന പൊലീസ് വൈകീട്ട് 4.30ഓടെ പൊറ്റമ്മലിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ്, കസബ, മുക്കം, നടക്കാവ്, മാവൂർ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.