പത്തനംതിട്ട: ‘ഹലോ, വിളിക്കുന്നത് പോലീസാണ്. നിലവിൽ നിങ്ങളുപയോഗിക്കുന്നത് മിസിങ്ങായ ഫോണാണ്. അത് പമ്പ സ്റ്റേഷനിലേക്ക് അയച്ചുതരുക.’ സ്റ്റേഷനിലെ സൈബർ ഹെൽപ്ഡെസ്കിൽനിന്ന് പല സംസ്ഥാനത്തേക്കും പല ഭാഷയിൽ ഇത്തരം കോളുകൾ പോകുന്നു.
പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ, ശബരിമല സീസൺമുതൽ ഇതുവരെ ഉടമസ്ഥർക്ക് തിരികെ കിട്ടിയത് നഷ്ടമായ 70 മൊബൈൽ ഫോണുകൾ. ശബരിമല തീർഥാടകരുടെ നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെത്താൻ ജില്ലാ പോലീസ് ആദ്യമായി രൂപവത്കരിച്ചതാണ് സൈബർ ഹെൽപ്ഡെസ്ക്.
ഫോൺനഷ്ടമായെന്ന പരാതിയുമായി പമ്പ സ്റ്റേഷനിലെത്തുന്ന ഭക്തരിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് സെൻട്രൽ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റർ (സിഇഐആർ) പോർട്ടലിൽ രജിസ്റ്റർ ചെയ്യും. മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ അവ കണ്ടെത്തുന്നതിന് രജിസ്റ്റർ ചെയ്യാവുന്ന പോർട്ടലാണ് സിഇഐആർ. നഷ്ടമായ ഫോൺ പിന്നെ ഏതുസമയം പ്രവർത്തിച്ചാലും അലർട്ട് ലഭിക്കും.
ഇതോടെ ട്രാക്ക് ചെയ്ത ഫോണിലേക്ക് ഹെൽപ്ഡെസ്കിലെ ഉദ്യോഗസ്ഥർ മെസേജ് അയച്ചും നിലവിൽ ഉപയോഗിക്കുന്നവരെ വിളിച്ചും കാര്യങ്ങൾ ബോധിപ്പിക്കും.ഇത്തരത്തിൽ സ്റ്റേഷനിലേക്ക് അയച്ചുകിട്ടിയ 70 ഫോണുകൾ യഥാർഥ ഉടമസ്ഥർക്ക് കൊറിയർ ചെയ്തു. ഒരുലക്ഷത്തിലേറെ വിലയുടെ ഫോണുകളുമുണ്ട്.