കോഴിക്കോട് പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം മോഷ്ടിച്ച കേസില്‍ ട്വിസ്റ്റ്. പരാതിക്കാരന്‍ റഹീസ് ഉള്‍പ്പെടെ മൂന്നുപേര്‍ പൊലീസ് പിടിയില്‍. ഭാര്യാപിതാവ് ഏല്‍പ്പിച്ച പണം മടക്കിനല്‍കാതിരിക്കാനാണ് റഹീസ് മോഷണനാടകം പദ്ധതിയിട്ടത്. മോഷണം അഭിനയിക്കാന്‍ 90,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം.
ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ സാജിദും ജംഷീദും കാറിന്റെ ഗ്ലാസ്സ് തകർത്താണ് മോഷണ നാടകം പ്ലാന്‍ ചെയതത്. കാറിന്‍റെ ചില്ല് തകര്‍ത്ത് സാജിദും ജംഷീദും എടുത്തത് പണമില്ലാത്ത ഡമ്മി പെട്ടിയാണ്. ഭാര്യ പിതാവ് നൽകിയ പണവും മറ്റൊരിടത്തു നിന്ന് ലഭിച്ച പണവുമാണ് കാറിലുണ്ടായിരുന്നത്. പണം കാർബോർഡ് കവറിലാക്കിയ ശേഷം ചാക്കിൽ കെട്ടിയാണ് കാറിൽ സൂക്ഷിച്ചിരുന്നതെന്നുമാണ് റഹീസ് പൊലീസിന് നല്‍കിയ മൊഴി.