കോഴിക്കോട്: പെരുന്നാളിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം അവശേഷിക്കെ നാടെങ്ങും ആഘോഷ തിരക്കിൽ. പ്രദർശന വിൽപന മേളകളും തെരുവോര വിപണികളും അവസാനവട്ട ഷോപ്പിങ്ങിന്റെ തിരക്കിലമർന്നു. പുത്തൻ കുപ്പായം വാങ്ങാനും മൈലാഞ്ചി വാങ്ങാനും ആളുകൾ ഒഴുകിയെത്തിയതോടെ നഗരം കുരുക്കിലായി.
വൈകിട്ടാകുന്നതോടെ നഗരത്തിലെ വിപണന മേളകളിൽ വൻ ജനത്തിരക്കാണ്. തെരുവോര വിപണിയാണു താരം. കുറഞ്ഞ വിലയിൽ ഉത്പ്പന്നങ്ങൾ ലഭിക്കുന്നതിനാൽ പലരും മിഠായിത്തെരുവിനെയാണ് ആശ്രയിക്കുന്നത്.
ജംഗ്ഷനുകളിലെല്ലാം കടകൾ രാത്രി 11 കഴിഞ്ഞും നീളുന്ന കച്ചവടം. ചെറുകിട തുണിക്കടകൾ കടകൾക്ക് മുന്നിൽ പ്രത്യേക പന്തൽ വരെയിട്ട് പുത്തൻ സ്റ്റോക്ക് നിരത്തിയിരിക്കുകയാണ്. വരും ദിവസങ്ങളിലും കച്ചവടം സജീവമാകും. വസ്ത്ര വ്യാപാര മേഖലയിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. ആവശ്യക്കാർ കൂടുന്നതിനാൽ മിക്ക കടകളും പാതിരാവോളം തുറന്നുപ്രവർത്തിക്കുന്നു. മിഠായിത്തെരുവിന് പുറമെ മാളുകളിലും മറ്റും വലിയ തിരക്കാണ് ഉള്ളത്. രാത്രികാല ഷോപ്പിങ്ങും ഇഫ്താർ സൗകര്യവും പല കടകളിലും ഒരുക്കിയിട്ടുണ്ട്. പെരുന്നാൾ അടുത്തെത്തിയതോടെ മൈലാഞ്ചിക്കും ആവശ്യക്കാർ ഏറെയാണ്. ബീച്ചിലും മാനാഞ്ചിറയിലും നഗരത്തിലെ തിരക്ക് പ്രതിഫലിക്കുന്നുണ്ട്.
കത്തുന്ന വെയിലും ഇടയ്ക്ക് പെയ്ത മഴയും വക വെയ്ക്കാതെ സാധനങ്ങൾ വാങ്ങാൻ ആളുകൾ കൂട്ടമായി എത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. തിരക്ക് കാരണം പലയിടങ്ങളിലും വാഹനങ്ങളെ നിയന്ത്രിക്കാൻ കൂടുതൽ പൊലീസുകാർ ഡ്യുട്ടിക്ക് എത്തിയെങ്കിലും ഗതാഗതക്കകുരുക്കഴിക്കാൻ പാടുപെട്ടു. മണിക്കൂറുകളോളമാണ് വാഹനങ്ങൾ കുരുക്കിൽപെട്ടത്. പാർക്കിംഗിന് കൂടുതൽ സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിൽ തന്നെ നിർത്തിയിടുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ബഷീർ റോഡ്, ടൗൺ ഹാൾ റോഡ് എന്നിവിടങ്ങളിലെല്ലാം റോഡിന് ഇരുവശത്തായി മൂന്ന് ലെെനുകളിലായാണ് വാഹനങ്ങൾ നിറുത്തിയിടുന്നത്. സീബ്രാലെെനിൽ പോലും വാഹനത്തിരക്ക്. ഇതുമൂലം കാൽ നടയാത്രക്കാർക്ക് നടക്കാൻ പോലുമാകാത്ത സ്ഥിതിയാണ്. വരും ദിവസങ്ങളിൽ തിരക്ക് കൂടുന്നതോടെ നഗരം കൂടുതൽ വീർപ്പുമുട്ടും