കോഴിക്കോട് : വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ജില്ലയിലെ വിവിധ വിദ്യാലയങ്ങൾ പോലീസ് നിരീക്ഷണത്തിൽ. സ്കൂളുകളിൽ ആഘോഷങ്ങൾ അതിരുവിട്ടാൽ നടപടിയുണ്ടാകും. പത്താംക്ലാസ്, ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിക്കുമ്പോൾ നിസ്സാരകാര്യങ്ങൾക്കുപോലും വിദ്യാർഥികൾ ചില സ്കൂളുകളിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടാനിടയുണ്ടെന്ന് നേരത്തേ ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. സിറ്റി-റൂറൽ ജില്ലാ പോലീസ് രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്കൂളുകളിൽ നിരീക്ഷണത്തിന് തീരുമാനിച്ചത്.
മുൻകരുതൽ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ ഇത്തരത്തിൽ അഞ്ച് സ്കൂളുകളുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. പൊതുവേ നിസ്സാരകാര്യങ്ങൾക്കുപോലും തമ്മിൽത്തല്ലുന്ന രീതിയാണ് മുൻകാലങ്ങളിൽ ഈ വിദ്യാലയങ്ങളിൽ ഉണ്ടായിട്ടുള്ളതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. സ്കൂൾ അധ്യയനവർഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇത്തരം സംഘർഷങ്ങളുണ്ടാകുന്നത്.
ഏപ്രിലും മേയിലും വേനൽ അവധി ദിവസങ്ങളിൽ ഇത്തരം അനിഷ്ടസംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ നടപടികളും പോലീസ് സ്വീകരിക്കും. മാർച്ച് 26, 29 തീയതികളിൽ നിയമവിരുദ്ധമായ രീതിയിൽ സംഘർഷം ഉണ്ടാക്കുന്ന തരത്തിലുള്ള ആഹ്ലാദപ്രകടനങ്ങൾ നടത്താതിരിക്കാൻ സ്കൂൾ അധികൃതരുടെ സഹായത്തോടെ നിരീക്ഷണം ഏർപ്പെടുത്തും. ആഘോഷങ്ങളുടെ ഭാഗമായി അശ്രദ്ധവും അപകടകരവുമായ രീതിയിൽ സ്കൂൾപരിസരങ്ങളിൽ വാഹനങ്ങൾ ഓടിച്ചാൽ അവ പിടിച്ചെടുക്കും. ലഹരി മാഫിയ സ്കൂൾപരിസരങ്ങളിൽ ഇല്ലെന്ന് ഉറപ്പുവരുത്താനുള്ള നടപടികളുമുണ്ടാകും. ഈ ദിവസങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്താൻ അതത് സ്റ്റേഷൻ പരിധിയിലെ അധികൃതർ തീരുമാനിച്ചു. എക്സൈസ്, പോലീസ് ഉദ്യോഗസ്ഥരുടെ സംയുക്ത നിരീക്ഷണവും ഇതിന്റെ ഭാഗമായുണ്ടാകും.
വെള്ളിയാഴ്ച ക്രമസമാധാനം-ഇന്റലിജൻസ് വിഭാഗങ്ങളുടെ ചുമതലയുള്ള എഡിജിപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം നടന്നിരുന്നു. ഐജി, ഡിഐജി, ജില്ലാ പോലീസ് മേധാവികൾ എന്നിവരായിരുന്നു യോഗത്തിൽ പങ്കെടുത്തത്. വിദ്യാർഥികളുടെ സംഘർഷവുമായി ബന്ധപ്പെട്ട വിവിധ ജില്ലകളിലെ കേസുകളും തുടർനടപടികളും യോഗത്തിൽ ചർച്ചയായി.