മക്ക: ബഹ്റൈനിൽ നിന്ന്
ഉംറ തീർഥാടനത്തിന് മക്കയിൽ എത്തി മക്കയിൽ കാണാതായ മലയാളി വനിതയെ അഞ്ചു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. കണ്ണൂർ കൂത്തുപറമ്പ്, ഉള്ളിവീട്ടിൽ, റഹീമയെ (60)ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. മക്കയിലെ ഖുദായ് പാർക്കിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് ഇവരെ കണ്ടെത്തിയത്. ഉംറ നിർവഹിച്ച ശേഷം വഴി തെറ്റിപോയതായിരുന്നു.
സാമൂഹ്യ പ്രവർത്തകരും മകനും റഹീമക്ക് വേണ്ടി തെരച്ചിൽ നടത്തിവരുന്നതിനിടെ തിങ്കളാഴ്‌ച രാത്രിയാണ് ഇവരെ കണ്ടെത്തിയതെന്ന് സാമൂഹിക പ്രവർത്തകനും കെഎംസിസി നേതാവുമായ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
ബഹ്റൈനിൽ നിന്ന് അഞ്ച് ദിവസം മുൻപാണ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ഹറമിൽ ത്വവാഫ് നടത്തിയതിനു ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോൾ ആൾത്തിരക്കിൽ കാണാതാവുകയായിരുന്നു.
റഹീമയെ കാണാതായതിനെ തുടർന്ന് പൊലീസും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ മക്കയിൽ സാധ്യമായ ഇടങ്ങളിൽ നേരിട്ടുള്ള തിരച്ചിലും വ്യാപക അന്വേഷണവും നടത്തിയിരുന്നു.