റിയാദ്: ജോലിയുടെ ഭാഗമായി റിയാദിൽനിന്നും ദമ്മാമിലേക്ക് വരുന്ന വഴി വാഹനാപകടത്തിൽ പരിക്കേറ്റ് ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരൂർ പരിയാപുരം സ്വദേശി പുഴക്കര അബ്ദുൽ സമദ് (46) മരിച്ചു. കാലിനും തോളെല്ലിനും കാര്യമായ പരിക്ക് പറ്റിയത് മൂലം സർജറിക്ക് വിധേയനാവുകയും ശേഷം ഹ്യദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.
ദമ്മാമിൽനിന്നും 150 കിലോമീറ്റർ അകലെ അൽ അഹ്സക്ക് സമീപം ഹുറൈമ എന്ന സ്ഥലത്ത് വെച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് അപകടം സംഭവിച്ചത്. സ്വദേശി പൗരൻ ഓടിച്ച വാഹനം അബ്ദുൽ സമദിന്റെ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാൻ മറിഞ്ഞു. പുഴക്കര സൈനുദ്ദീൻ- കുഞ്ഞിമാച്ചൂട്ടി ദമ്പതികളുടെ മകനായ അബ്ദുൽ സമദ് രണ്ട് വർഷമായി സൗദിയിൽ പ്രവാസിയാണ്. നേരത്തെ ദുബൈയിലും ഒമാനിലും പ്രവാസിയായിരുന്നു. ഭാര്യ: ജസീറ. മൂന്ന് കുട്ടികളുണ്ട്.